ഒപ്പുവച്ചെന്നും ഇല്ലെന്നും; സൈനിക മേധാവികളുടെ കത്ത് വിവാദത്തില്‍

കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി കത്തില്‍ പേരു പരാമര്‍ശിച്ചിട്ടുള്ള ഏതാനും മുന്‍ സേനാ മേധാവിമാര്‍ രംഗത്തുവന്നു
ഒപ്പുവച്ചെന്നും ഇല്ലെന്നും; സൈനിക മേധാവികളുടെ കത്ത് വിവാദത്തില്‍

ന്യൂഡല്‍ഹി: സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതായി ആരോപിച്ച് സര്‍വസൈന്യാധിപനായ രാഷ്ട്രപതിക്ക് മുന്‍ സേനാ മേധാവികളുടെ പേരില്‍ പുറത്തുവന്ന കത്ത് വിവാദത്തില്‍. ഇങ്ങനെയൊരു കത്തില്‍ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി കത്തില്‍ പേരു പരാമര്‍ശിച്ചിട്ടുള്ള ഏതാനും മുന്‍ സേനാ മേധാവിമാര്‍ രംഗത്തുവന്നു. അതേസമയം കത്തില്‍ ഒപ്പിട്ടതായി മറ്റു ചിലര്‍ സ്ഥിരീകരിച്ചു.

കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഒപ്പിട്ടവരുടെ പട്ടികയിലെ ആദ്യ പേരുകാരനായ ജനറല്‍ എസ്എഫ് റോഡ്രിഗസ് വ്യക്തമാക്കി. ഇപ്പോള്‍ ആര്‍ക്കും എന്തും പ്രചരിപ്പിക്കാവുന്ന കാലമാണെന്നും താന്‍ കത്തില്‍ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകള്‍ പറയുന്നതാണ് തങ്ങളെല്ലാം അനുസരിച്ചിട്ടുള്ളത്. സേനാ വിഭാഗങ്ങള്‍ ഭരണകൂടത്തിന്റെ ഉപകരണം മാത്രമാണ്. സൈന്യത്തിന് രാഷ്ട്രീയമില്ലെന്നും എസ്എഫ് റോഡ്രിഗസ് വിശദീകരിച്ചു.

കത്തിനെക്കുറിച്ച് അറിയില്ലെന്ന് പട്ടികയില്‍ ഇരുപതാം പേരുകാരനായ ആര്‍മി മുന്‍ ഉപമേധാവി ലഫ്. ജനറല്‍ എംഎല്‍ നായിഡു പറഞ്ഞു. താന്‍ ഇങ്ങനെയൊരു കത്ത് എഴുതുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കത്തില്‍ ഒപ്പുവച്ചിട്ടില്ലെന്ന് മുന്‍ വ്യോമസേനാ മേധാവി എന്‍സി സൂരി പറഞ്ഞു. തന്റെ അറിവില്ലാതെയാണ് കത്തില്‍ പേരു വന്നതെന്ന് സൂരി പ്രതികരിച്ചു.

അതേസമയം കത്തില്‍ തന്റെ അറിവോടെയാണ് പേരു ചേര്‍ത്തതെന്ന് മേജര്‍ ജനറല്‍ ഹര്‍ഷ കാക്കര്‍ പറഞ്ഞു. കത്തിന്റെ ഉള്ളടക്കം അറിഞ്ഞുതന്നെയാണ് സമ്മതം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. കത്തില്‍ ഒപ്പുവച്ചതായി നാവികസേനാ മുന്‍ മേധാവി അഡ്മിറല്‍ സുരീഷ് മേത്തയും പറഞ്ഞു. 

എട്ടു മുന്‍ സേനാ മേധാവികള്‍ അടക്കം 156 മുന്‍ സേനാ ഉദ്യോഗസ്ഥരുടെ പേരിലാണ് രാഷ്ട്രപതിക്കു കത്തു നല്‍കിയത്. ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടികളാണ് രാഷ്ട്രീയ നേതൃത്വത്തില്‍നിന്ന് ഉണ്ടാവുന്നതെന്നും സൈനിക നടപടികളുടെ വിജയത്തില്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുകയും സായുധ സേനയെ മോദി സേന എന്നുവരെ വിശേഷിപ്പിക്കുകയും ചെയ്യുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com