50 ശതമാനം വിവിപാറ്റുകള്‍ എണ്ണിയേ തീരൂ ; പുനഃപരിശോധന ഹര്‍ജിയുമായി പ്രതിപക്ഷം സുപ്രിംകോടതിയിലേക്ക്

ഫലപ്രഖ്യാപനം വൈകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു
50 ശതമാനം വിവിപാറ്റുകള്‍ എണ്ണിയേ തീരൂ ; പുനഃപരിശോധന ഹര്‍ജിയുമായി പ്രതിപക്ഷം സുപ്രിംകോടതിയിലേക്ക്


ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലെയും  50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പുനഃപരിശോധന ഹർജിയുമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും  പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു. ഒരു മണ്ഡലത്തിൽ നിന്നുള്ള അഞ്ച് ബൂത്തുകളിലെ വിവിപാറ്റുകൾ മാത്രം എണ്ണണമെന്ന സുപ്രിം കോടതി ഉത്തരവിൽ തൃപ്‌തിയില്ല. 

ഫലപ്രഖ്യാപനം വൈകുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന സ്ഥലങ്ങളിൽ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്നാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. എണ്ണാൻ വേണ്ട സമയത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. വോട്ടിം​ഗ് മെഷീനുകളുടെ സുതാര്യത ഉറപ്പാക്കണമെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. എന്താണ് നടക്കുന്നത് എന്ന് സുപ്രിംകോടതിക്ക് അറിയില്ലെന്ന് അരവിന്ദ് കെജരിവാളും പറഞ്ഞു. 

നേരത്തെ പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിംഗ് ബൂത്തുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിർദ്ദേശിച്ചിരുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ബൂത്തിലെ വിവിപാറ്റ് സ്ളിപ്പുകൾ എണ്ണാനായിരുന്നു കമ്മിഷൻ നേരത്തേ തീരുമാനിച്ചിരുന്നത്. വലിയതോതിൽ മാനവ വിഭവശേഷിയും അടിസ്ഥാന സൗകര്യവും വേണമെന്നതിനാൽ 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന 21 പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com