അംബേദ്കർ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ തള്ളി; അന്വേഷണത്തിന് ഉത്തരവ്

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്ക് സമീപം അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചാണ് സംഘർഷം ഒഴിവാക്കിയത്. 
അംബേദ്കർ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ തള്ളി; അന്വേഷണത്തിന് ഉത്തരവ്

ഹൈദരാബാദ്: അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് സ്ഥാപിക്കാൻ സജ്ജമാക്കിയ പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ നിക്ഷേപിച്ച നിലയിൽ. ഹൈദരാബാദ് സെൻട്രൽ മാളിന് സമീപം പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ അംബേദ്ക്കറിന്റെ പ്രതിമയാണ് തകർക്കപ്പെട്ടത്. പ്രതിമ സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ജയ്  ഭീം പ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കം ഉണ്ടായി. അനുവാദത്തോടെയാണ് പ്രതിമയുമായി എത്തിയതെന്നും സ്ഥാപിക്കുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞതോടെ അകത്തേക്ക് കടത്തി വിടില്ലെന്നായി ഉദ്യോ​ഗസ്ഥർ. 

പുലർച്ചെ നാല് മണിവരെ പ്രതിമ പിടിച്ചു വയ്ക്കുകയും ചെയ്തു. പിന്നീട് കോഡ്ല വിജയ ഭാസ്ക്കർ റെഡ്ഡി സ്റ്റേഡിയത്തിലേക്ക് ഉദ്യോ​ഗസ്ഥർ പ്രതിമ കയറ്റി അയച്ചു. തെലങ്കാന ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ സ്റ്റേഡിയത്തിൽ പ്രതിമ സ്ഥാപിക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ വാദം. ഇതേത്തുടർന്ന് കോർപ്പറേഷൻ യാർഡിലേക്കും തുടർന്ന് ജവഹർ ന​ഗറിലേക്കും അംബേദ്കറിന്റെ പ്രതിമ കൊണ്ടു പോയി. കീസാരയിൽ വച്ച് ജയ് ഭീം പ്രവർത്തകരെത്തി പരിശോധിച്ചപ്പോഴാണ് പ്രതിമ തകർന്ന നിലയിൽ കണ്ടത്. വാക്കുതർക്കത്തിനിടെ  അബദ്ധം സംഭവിച്ചതാവാം എന്നാണ് ​ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷന്റെ നിലപാട്. 

അംബേദ്ക്കറിന്റെ പ്രതിമ ജവഹർ ന​ഗറിലേക്ക് മാറ്റുന്ന വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധവുമായി സ്ഥലത്തെത്തി. ഇതോടെ കൂടുതൽ പൊലീസെത്തി ഇവരെ അനുനയിപ്പിച്ച് മടക്കി അയയ്ക്കുകയായിരുന്നു. പ്രതിമ തകർത്തവർക്കെതിരെയും മാലിന്യട്രക്കിൽ അംബേദ്കറിന്റെ പ്രതിമ കയറ്റിയ സംഭവത്തിലും കമ്മീഷണർ കേസെടുത്തിട്ടുണ്ട്. ഒടുവിൽ ഉന്നത ഉദ്യോ​ഗസ്ഥർ ഇടപെട്ട് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ പ്രതിമയ്ക്ക് സമീപം അംബേദ്ക്കറുടെ പ്രതിമ സ്ഥാപിച്ചാണ് സംഘർഷം ഒഴിവാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com