മാണ്ഡ്യയിൽ സുമലതയെ നേരിടാൻ പണമൊഴുക്കി ജെഡിഎസ് ; പ്രചാരണത്തിന് 150 കോടി; ഫോൺ സംഭാഷണം പുറത്ത്

സിറ്റിങ് എം.പി ശിവരാമഗൗഡയുടെ മകൻ ചേതൻ ഗൗഡയും കോൺഗ്രസ് നേതാവ് രമേഷ് ഗൗഡയും തമ്മിലുള്ള സംഭാഷണമാണ്  ചാനൽ പുറത്തുവിട്ടത്
മാണ്ഡ്യയിൽ സുമലതയെ നേരിടാൻ പണമൊഴുക്കി ജെഡിഎസ് ; പ്രചാരണത്തിന് 150 കോടി; ഫോൺ സംഭാഷണം പുറത്ത്

ബം​ഗളൂരു : മുഖ്യമന്ത്രിയുടെ മകൻ മൽസരിക്കുന്ന  മാണ്ഡ്യ ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജെഡിഎസ് 150 കോടി രൂപ സ്വരൂപിച്ചതായി ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു. ജെഡിഎസ് സിറ്റിങ് എം.പി ശിവരാമഗൗഡയുടെ മകൻ ചേതൻ ഗൗഡയും കോൺഗ്രസ് നേതാവ് പി രമേഷ് ഗൗഡയും തമ്മിലുള്ള സംഭാഷണമാണ്  ചാനൽ പുറത്തുവിട്ടത്.

പ്രചാരണ ആവശ്യങ്ങൾക്കായി ജെഡിഎസ് 150 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്നും ഓരോ ബൂത്തിലേക്കും അഞ്ചുലക്ഷം രൂപ വീതം നൽകുന്നുണ്ടെന്നും ചേതൻ ഗൗഡ രമേഷിനോട് പറയുന്നു. മാണ്ഡ്യയിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് മൽസരിക്കുന്നത്. ജെഡിഎസ്-കോൺ​ഗ്രസ് സംയുക്ത മുന്നണി സ്ഥാനാർത്ഥിയായാണ് നിഖിൽ ജനവിധി നേരിടുന്നത്. 

ഇവിടെ കോൺ​ഗ്രസ് നേതാവും സിനിമാ താരവുമായിരുന്ന അന്തരിച്ച അംബരീഷിന്റെ ഭാര്യ സുമലതയാണ് എതിർ സ്ഥാനാർത്ഥി. സ്വതന്ത്രയായാണ് പ്രശസ്ത നടി കൂടിയായ സുമലത മൽസരിക്കുന്നത്. കോൺ​ഗ്രസ് ടിക്കറ്റിൽ മൽസരിക്കാൻ സുമലത ആ​ഗ്രഹിച്ചെങ്കിലും ജെഡിഎസ് മാണ്ഡ്യ സീറ്റിനായി പിടിവാശി തുടരുകയായിരുന്നു. 

ഇതോടെ സ്വതന്ത്രയായി മൽസരിക്കാൻ സുമലത തീരുമാനിച്ചു. നിരവധി കോൺ​ഗ്രസ് പ്രവർത്തകരും നേതാക്കളും സുമലതയെ പിന്തുണയ്ക്കുന്നുണ്ട്. ബിജെപിയും സുമലതയെ പിന്തുണക്കുമെന്നാണ് സൂചന. അതേസമയം തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ ജെഡിഎസ്. കോടികൾ ചെലവഴിക്കുന്നതായി സുമലത ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com