മോദി വീണ്ടും അധികാരത്തില്‍ എത്തണം; പ്രിയപ്പെട്ട നേതാവിന് വോട്ടു ചെയ്യാന്‍ ഓസ്‌ട്രേലിയയിലെ തിളക്കമാര്‍ന്ന ജോലി ഉപേക്ഷിച്ച് യുവാവ് 

മോദിക്ക് വേണ്ടി വോട്ടുചെയ്യാനായി ഓസ്‌ട്രേലിയയിലെ മെച്ചപ്പെട്ട ജോലി ഉപേക്ഷിച്ച കര്‍ണാടക സ്വദേശിയുടെ തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
മോദി വീണ്ടും അധികാരത്തില്‍ എത്തണം; പ്രിയപ്പെട്ട നേതാവിന് വോട്ടു ചെയ്യാന്‍ ഓസ്‌ട്രേലിയയിലെ തിളക്കമാര്‍ന്ന ജോലി ഉപേക്ഷിച്ച് യുവാവ് 

മംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തണം. അതിനായി വോട്ടു ചെയ്യണം. മോദിക്ക് വേണ്ടി വോട്ടുചെയ്യാനായി ഓസ്‌ട്രേലിയയിലെ മെച്ചപ്പെട്ട ജോലി ഉപേക്ഷിച്ച കര്‍ണാടക സ്വദേശിയുടെ തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞദിവസം മംഗലൂരുവില്‍ മോദി പങ്കെടുത്ത ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ 41 കാരനായ സുധീന്ദ്ര ഹെബറും ഉണ്ടായിരുന്നു. സിഡ്‌നി വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് ഓഫീസര്‍ എന്ന ഉയര്‍ന്ന തസ്തികയിലുളള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഒന്നര വര്‍ഷത്തെ സേവനം ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സുധീന്ദ്ര ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.  തന്റെ പ്രിയപ്പെട്ട നേതാവായ മോദി വീണ്ടും അധികാരത്തില്‍ വരണമെന്നതാണ് സുധീന്ദ്രയുടെ ആഗ്രഹം.

ജോലി ഉപേക്ഷിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട് സുധീന്ദ്രയ്ക്ക്. വോട്ടു ചെയ്യാനായി ഏപ്രില്‍ അഞ്ചുമുതല്‍ 12 വരെ മാത്രം അനുവദിച്ച ചുരുങ്ങിയ അവധി അധികൃതര്‍ നീട്ടിനല്‍കില്ലെന്ന കണക്കുകൂട്ടലാണ് ജോലി ഉപേക്ഷിക്കാനുളള സുധീന്ദ്രയുടെ തീരുമാനത്തിന് പിന്നില്‍. വരാനിരിക്കുന്ന ഈസ്റ്റര്‍ ഉള്‍പ്പെടെയുളള അവധിദിനങ്ങളില്‍ വിമാനത്താവളത്തില്‍ വലിയതോതില്‍ തിരക്ക് അനുഭവപ്പെടും. ഈ സമയത്ത് അവധി നീട്ടിനല്‍കാന്‍ സാധ്യതയില്ലെന്ന്് മനസിലാക്കിയ സുധീന്ദ്ര കടുത്ത തീരുമാനമെടുക്കുകയായിരുന്നു. 

ഇന്ത്യയ്ക്ക് മികച്ച ഭാവിയുണ്ട് എന്ന മറ്റുരാജ്യങ്ങളുടെ വാക്കുകളില്‍ അഭിമാനം കൊളളുന്ന വ്യക്തിയാണ് സുധീന്ദ്ര. ഇതിനെല്ലാം കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ ആണ് എന്നാണ് എംബിഎ ബിരുദധാരിയായ സുധീന്ദ്രയുടെ വിലയിരുത്തല്‍.  മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി അതിര്‍ത്തിയാല്‍ പോകാന്‍ തനിക്ക് സാധിക്കില്ല. പകരം സമ്മതിദാനവകാശമെങ്കിലും വിനിയോഗിക്കേണ്ടത് അനിവാര്യമാണ് എന്നാണ് സുധീന്ദ്രയുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com