രാജ്യത്ത് പിടികൂടിയത് 647 കോടിയുടെ കള്ളപ്പണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ;  1100 കോടിയുടെ ലഹരിമരുന്നും 500 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു

കേരളത്തില്‍ നിന്ന് 19.64 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി
രാജ്യത്ത് പിടികൂടിയത് 647 കോടിയുടെ കള്ളപ്പണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ;  1100 കോടിയുടെ ലഹരിമരുന്നും 500 കോടിയുടെ ആഭരണങ്ങളും പിടിച്ചെടുത്തു

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് വന്‍തോതില്‍ കള്ളപ്പണവും ലഹരി മരുന്നും പിടികൂടിയെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്ത് ആകെ 647 കോടിയുടെ കള്ളപ്പണമാണ് പിടികൂടിയത്. 1100 കോടിയുടെ ലഹരി മരുന്നും പിടിച്ചെടുത്തു. ലഹരി മരുന്നില്‍ പകുതിയോളവും പിടിച്ചെടുത്തത് ഗുജറാത്തില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 19.64 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

ആറുകോടിയുടെ കള്ളപ്പണവും മൂന്നു കോടിയുടെ കണക്കില്‍പ്പെടാത്ത ആഭരണങ്ങളും കണ്ടെത്തിയെന്നും കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് ആകെ  കണക്കില്‍പ്പെടാത്ത 500 കോടിയുടെ ആഭരണങ്ങളും രത്‌നങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. 

206 കോടിയുടെ മദ്യമാണ് രാജ്യത്ത് നിന്നും പിടിച്ചെടുത്തത്. അതേസമയം കേരളത്തില്‍ നിന്നും മൂന്ന് ലക്ഷത്തിന്റെ മദ്യമാണ് പിടികൂടിയത്. ഇന്നലെ വരെയുള്ള കണക്കുകളാണ് കമ്മീഷന്‍ പുറത്തുവിട്ടത്. ഏറ്റവും കൂടുതല്‍ കള്ളപ്പണം പിടികൂടിയത് തമിഴ് നാട്ടില്‍ നിന്നാണ്. 187 കോടിയുടെ കള്ളപ്പണമാണ് തമിഴ് നാട്ടില്‍ നിന്നും പിടിച്ചെടുത്തത്. 

ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. ആന്ധ്രയില്‍ നിന്നും 137 കോടി രൂപയുടെ കള്ളപ്പണവും പിടികൂടിയിട്ടുണ്ട്. അതേസമയം മിസോറാമില്‍ നിന്നും ഒരു രൂപയുടെ കള്ളപ്പണം പോലും പിടിച്ചെടുത്തിട്ടില്ല. ലക്ഷദ്വീപില്‍ നിന്നും ഒരു രൂപയുടെ കള്ളപ്പണം പിടികൂടിയിട്ടില്ല. 

ലഹരി മരുന്ന് ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍ നിന്നാണ്. 500 കോടി രൂപയുടെ ലഹരിമരുന്നാണ് പിടികൂടിയത്. തൊട്ടുപിന്നിലുള്ള ഡല്‍ഹിയില്‍ നിന്നും 348 കോടിയുടെ ലഹരി മരുന്നും പിടികൂടി. ഒഡീഷയില്‍ നിന്നും ഒരു രൂപയുടെ പോലും ലഹരി മരുന്നു പോലും പിടികൂടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com