സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത നോട്ടുനിരോധനത്തിനുള്ള പരിഹാരമാണ് ന്യായ്; എല്ലാ കാവല്‍ക്കാരേയും മോദി അപകീര്‍ത്തിപ്പെടുത്തി: രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ  നോട്ടുനിരോധനത്തിനുള്ള പരിഹാരമാണ് മിനിമം വേതന പദ്ധതിയായ ന്യായ് എന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത നോട്ടുനിരോധനത്തിനുള്ള പരിഹാരമാണ് ന്യായ്; എല്ലാ കാവല്‍ക്കാരേയും മോദി അപകീര്‍ത്തിപ്പെടുത്തി: രാഹുല്‍ ഗാന്ധി

മൈസൂരു: രാജ്യത്തിന്റെ  നോട്ടുനിരോധനത്തിനുള്ള പരിഹാരമാണ് മിനിമം വേതന പദ്ധതിയായ ന്യായ് എന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മൈസൂരുവിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനത്തെ ഒരു തന്ത്രമായിട്ടാണ് ഉപയോഗിച്ചത്. അതിലൂടെ ഫാക്ടറികള്‍ അടയ്ക്കപ്പെട്ടു, തൊഴിലില്ലായ്മ വര്‍ധിച്ചു. എന്നാല്‍ ന്യായ് പദ്ധതിയിലൂടെ നിങ്ങളുടെ കൈകളില്‍ പണമെത്തും. പണമുണ്ടെങ്കില്‍ നിങ്ങള്‍ സാധനങ്ങള്‍ വാങ്ങിക്കും, യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. അങ്ങനെ സമ്പദ്‌വ്യവസ്ഥ സാധാരണ നിലയിലാകുമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പഞ്ചായത്തുകളിലായി പത്ത് ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. സാമ്പത്തികഘടന തകര്‍ക്കാതെ രാജ്യത്തെ 20%
ദരിദ്രരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്ര പണം നിക്ഷേപിക്കാന്‍ സാധിക്കുമെന്ന് താന്‍ സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തി. സിദ്ധാന്തങ്ങളല്ല, കൃത്യമായ കണക്കാണ് താന്‍ ചോദിച്ചത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പു അതിന് ഉത്തരം കിട്ടി. ഓരോ അക്കൗണ്ടുകളിലും പ്രതിവര്‍ഷം 72,000 രൂപ. അതായത് അഞ്ച് വര്‍ഷംകൊണ്ട് 3.60 ലക്ഷം രൂപ, അല്ലാതെ 15 ലക്ഷമല്ല- രാഹുല്‍ പറഞ്ഞു.

ന്യായ് പദ്ധതി ദാരിദ്രത്തിനുമേലുള്ള കോണ്‍ഗ്രസിന്റെ മിന്നലാക്രമണമാണ്. നരേന്ദ്ര മോദിക്ക് രാജ്യത്തെ സമ്പന്നര്‍ക്ക് പണം നല്‍കാമെങ്കില്‍ ദരിദ്രര്‍ക്ക് പണം നല്‍കാന്‍ കോണ്‍ഗ്രസിനും ജെഡിഎസിനും സാധിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയല്‍ ജിഎസ്ടി ഒഴിവാക്കും. വ്യത്യസ്ത സ്ലാബുകള്‍ കാണില്ല, ഒരു നികുതി മാത്രമേ ഉണ്ടായിരിക്കുകയുള്ളവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു

കാവല്‍ക്കാരന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധി പരിഹസിച്ചു. പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലില്ലാത്തവരുടെയും വീടിനു മുന്‍പില്‍ കാവല്‍ക്കാരില്ല. അനില്‍ അംബാനിമാരെ പോലുള്ളവരുടെ വീടുകളില്‍ മാത്രമാണ് കാവല്‍ക്കാര്‍ ഉള്ളത്. രാജ്യത്തെ എല്ലാ കാവല്‍ക്കാര്‍ക്കും മോദി അപകീര്‍ത്തി കൊണ്ടുവന്നിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com