ഒറ്റച്ചോദ്യം പോലും ഉന്നയിക്കാത്തവര്‍ നാല്, ഒരു ചോദ്യം മാത്രം ചോദിച്ച് ഒരാള്‍; രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നവരുടെ പ്രകടനം ഇങ്ങനെ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന 44 സിറ്റിങ് എംപിമാരില്‍ നാലു പേര്‍ സഭയില്‍ ഒരു ചോദ്യം പോലും ഉന്നയിക്കാത്തവര്‍
ഒറ്റച്ചോദ്യം പോലും ഉന്നയിക്കാത്തവര്‍ നാല്, ഒരു ചോദ്യം മാത്രം ചോദിച്ച് ഒരാള്‍; രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നവരുടെ പ്രകടനം ഇങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്ന 44 സിറ്റിങ് എംപിമാരില്‍ നാലു പേര്‍ സഭയില്‍ ഒരു ചോദ്യം പോലും ഉന്നയിക്കാത്തവര്‍. ജനതാ ദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡ അടക്കമുള്ള നാലു പേരാണ് ഒരു ചോദ്യം പോലും ചോദിക്കാത്തവരെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ദേവഗൗഡയെക്കൂടാതെ ബിജെപിയുടെ യശ്വന്ത് സിങ്, കോണ്‍ഗ്രസിന്റെ കെഎച്ച് മുനിയപ്പ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബിജോയ് ചന്ദ്ര ബര്‍മന്‍ എന്നിവരാണ് ഒരു ചോദ്യം പോലും ഉന്നയിക്കാത്തവര്‍. ഉത്തര്‍പ്രദേശിലെ നഗിനയില്‍നിന്നുള്ള എംപിയാണ് യശ്വന്ത് സിങ്. കര്‍ണാടകയിലെ കോലാറിനെയാണ് മുനിയപ്പ പ്രതിനിധീകരിക്കുന്നത്. ബിജോയ് ചന്ദ്ര ബര്‍മന്‍ ബംഗാളിലെ ജല്‍പായ്ഗുഢിയില്‍നിന്നുള്ള പ്രതിനിധിയാണ്. ഇവര്‍ നാലു പേരും സഭയില്‍ ഇന്നോളം സ്വകാര്യ ബില്ലും അവതരിപ്പിച്ചിട്ടില്ല. 

രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന സിറ്റിങ് എംപിമാരില്‍ കൂടുതല്‍ ചോദ്യം ഉന്നയിച്ചിട്ടുള്ളത് ശിവസേനയുടെ ആനന്ദ് റാവു ആദ്‌സല്‍ ആണ്. 1062 ചോദ്യങ്ങളാണ് ആനന്ദറാവു സഭയില്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ അശോക് ചവാന്‍ആണ് രണ്ടാമത്, 906 ചോദ്യങ്ങള്‍. ചെന്നൈ സൗത്തില്‍നിന്നുള്ള എഐഎഡിഎംകെ പ്രതിനിധി ജ ജയവര്‍ധന്‍ 816 ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. 

അസമില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ബീരേന്‍ സിങ് എന്‍ഗ്ടി ഒരൊറ്റ ചോദ്യം മാത്രമാണ് അഞ്ചു വര്‍ഷത്തിനിടെ ചോദിച്ചത്. 

രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്ന 44ല്‍ നാലു പേര്‍ മന്ത്രിമാര്‍ ആയിരുന്നു. സദാനന്ദ ഗൗഡ, ജിതേന്ദ്ര സിങ്, ജുവര്‍ ഒറാം, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com