കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്; മോദിയുടെ നിര്‍ദേശപ്രകാരമെന്ന് എം കെ സ്റ്റാലിന്‍ 

രാഷ്ട്രീയ പ്രതികാര നടപടിയെന്ന് ഡിഎംകെ ആരോപിച്ചു
കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്; മോദിയുടെ നിര്‍ദേശപ്രകാരമെന്ന് എം കെ സ്റ്റാലിന്‍ 

ചെന്നൈ:തൂത്തുക്കുടി മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായ കനിമൊഴിയുടെ വസതിയില്‍ ആദായനികുതിവകുപ്പ് റെയ്ഡ്. വൈകീട്ടാണ് ആദായനികുതി വകുപ്പ് കനിമൊഴിയുടെ തൂത്തുക്കുടിയിലെ വസതിയില്‍ എത്തിയത്. രാഷ്ട്രീയ പ്രതികാര നടപടിയെന്ന് ഡിഎംകെ ആരോപിച്ചു. പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ ആരോപിച്ചു. 

ഞായറാഴ്ച രാത്രി ചെന്നൈയിലെ എംഎല്‍എ ഹോസ്റ്റലില്‍ തമിഴ്‌നാട് റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാറിന്റെ മുറിയില്‍ റെയ്ഡ് നടത്തിയിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചുവച്ചിരിക്കുന്നതായുളള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ ആഴ്ച തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതും വാര്‍ത്തയായിരുന്നു. 

ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഗോഡൗണില്‍ നിന്നും കണക്കില്‍പ്പെടാത്ത 11.5 കോടി രൂപ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിന് പിന്നാലെയാണ് കനിമൊഴിയുടെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതായുളള വാര്‍ത്ത പുറത്തുവന്നത്. കതിര്‍ ആനന്ദിന്റെ ഗോഡൗണില്‍  നിന്നുമാണ് പണം കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഈ പണമെന്ന് എഐഎഡിഎംകെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. ഇത് അംഗീകരിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ നടപടി.

വ്യാഴാഴ്ച തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങള്‍ പോളിങ്ബൂത്തിലേക്ക് നീങ്ങാനിരിക്കേയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയതും റെയ്ഡ് നടത്തിയതുമായുളള വാര്‍ത്ത പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com