സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള ഹര്‍ജി തള്ളി ; ഇത്തരം കേസുകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സുപ്രിം കോടതി

പരസ്പത സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന് കോടതി നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും ഈ വിഷയത്തില്‍ മറ്റ് കാര്യങ്ങളില്‍ ഇടപെടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ്
സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി തേടിയുള്ള ഹര്‍ജി തള്ളി ; ഇത്തരം കേസുകള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹവും ദത്തെടുക്കുന്നതുമടക്കമുള്ള അവകാശങ്ങള്‍ എല്‍ജിബിടിക്യു  വിഭാഗത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. പരസ്പത സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന് കോടതി നേരത്തേ വിധിച്ചിട്ടുള്ളതാണെന്നും ഈ വിഷയത്തില്‍ മറ്റ് കാര്യങ്ങളില്‍ ഇടപെടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തള്ളിയത്.

അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ എന്ന നിലയില്‍ സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നും കുട്ടികളെ ദത്തെടുക്കാനുള്ള അനുമതി നല്‍കണമെന്നുമായിരുന്നു പ്രധാനമായി ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. നവ്‌തേജ് സിങ് നല്‍കിയിരുന്ന ഹര്‍ജിയിലെ കോടതി വിധിയില്‍ ഇതേക്കുറിച്ച് പരാമര്‍ശം ഇല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം അവകാശങ്ങള്‍ അനുവദിച്ചാല്‍ സൈന്യത്തിലെ എല്ലാ വിഭാഗങ്ങളിലും പ്രവേശിക്കാന്‍ കഴിയുമെന്നും മാന്യമായ തൊഴില്‍ ചെയ്ത് ജീവിക്കാനാകുമെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. 

സ്വവര്‍ഗ വിവാഹം അനുവദിക്കാത്ത നടപടി ഭരണഘടനയുടെ 14,15,19,21,29 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി പരിഗണിച്ചില്ല. നവ്‌തേജ് സിങിന്റെ കേസില്‍ കോടതിക്ക് പറയാന്‍ ഉള്ളതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും അത് മുന്നില്‍ നിര്‍ത്തി മറ്റ് ഹര്‍ജികളില്‍ തീരുമാനം എടുക്കില്ലെന്നും കോടതി വ്യക്തമാക്കി.

ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍,ട്രാന്‍സ്‌പേഴ്‌സണ്‍, ക്വീര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരെ വാടക ഗര്‍ഭധാരണത്തിന് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി പരിഗണിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com