കനിമൊഴിയുടെ വസതിയിലെ റെയ്ഡ്; ഒന്നും കണ്ടെത്താനായില്ല, റെയ്ഡ് നിയമവിരുദ്ധമെന്ന് കനിമൊഴി

ഡിഎംകെയുടെ തൂത്തുക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയായ കനിമൊഴിയുടെ വസതിയിലെ റെയ്ഡ് ഒരു മണിക്കൂറോളം നീണ്ടുനിന്നിരുന്നു
കനിമൊഴിയുടെ വസതിയിലെ റെയ്ഡ്; ഒന്നും കണ്ടെത്താനായില്ല, റെയ്ഡ് നിയമവിരുദ്ധമെന്ന് കനിമൊഴി

ചെന്നൈ: ഡിഎംകെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പിന് ഒന്നും കണ്ടെത്തുവാനായില്ല. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. 

ഡിഎംകെയുടെ തൂത്തുക്കുടി ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയായ കനിമൊഴിയുടെ വസതിയിലെ റെയ്ഡ് ഒരു മണിക്കൂറോളം നീണ്ടുനിന്നിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നായിരുന്നു ആദായ നികുതി വകുപ്പ് പറഞ്ഞത്. 

ആദായ നികുതി വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നിയമവിരുദ്ധമാണെന്നാണ് കനിമൊഴി പ്രതികരിച്ചത്. രാത്രി റെയ്ഡിന് അനുമതിയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. എന്റെ എതിര്‍ സ്ഥാനാര്‍ഥിയായ ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ തമിഴിസൈ സൗന്ദരരാജന്റെ വീട്ടില്‍ കോടികള്‍ സൂക്ഷിച്ചിരിക്കുന്നതായും റെയ്ഡ് നടത്തുമോയെന്നുമുള്ള ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ ചോദ്യം താനും ആവര്‍ത്തിക്കുന്നതായും കനിമൊഴി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റെയ്ഡ് നടത്താന്‍ നിര്‍ദേശം നല്‍കിയത് എന്ന് സ്റ്റാലിന്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനും, ആദായനികുതി വകുപ്പും പ്രവര്‍ത്തിക്കുന്നത് മോദിയുടെ നിര്‍ദേശാനുസരണമാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com