ആഭ്യന്തര സംഘര്‍ഷം രൂക്ഷം: ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളി വിടണമെന്ന് സുഷമാ സ്വരാജ്

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 200ഓളം ആളുകളാണ് ട്രിപ്പോളിയില്‍ കൊല്ലപ്പെട്ടത്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷം: ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളി വിടണമെന്ന് സുഷമാ സ്വരാജ്

ന്യൂഡെല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ ഉടന്‍ ട്രിപ്പോളിയില്‍ നിന്നും ഒഴിഞ്ഞ് പോരണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുന്നറിയിപ്പ് നല്‍കി. മലയാളികളടക്കം 500 ഇന്ത്യക്കാര്‍ ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്ത്യക്കാര്‍ ഉടന്‍ തന്നെ ട്രിപ്പോളി വിടണമെന്നും അല്ലാത്ത പക്ഷം അവിടെ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നുമാണ് സുഷമസ്വരാജ് പറഞ്ഞത്. 'നിങ്ങള്‍ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കേളോടും ട്രിപ്പോളി വിടാന്‍ നിര്‍ദേശിക്കൂ. പിന്നീട് അവരെ ഒഴിപ്പിക്കാന്‍ കഴിയില്ല.'- സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

രണ്ടാഴ്ച്ച മുന്‍പാണ് സംഘര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 200ഓളം ആളുകളാണ് ട്രിപ്പോളിയില്‍ കൊല്ലപ്പെട്ടത്. ഏതാണ്ട് 3000 ത്തോളം അഭയാര്‍ത്ഥികള്‍ ഇപ്പോഴും സംഭവസ്ഥലത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി അറിയിച്ചത്.

ഗദ്ദാഫിയുടെ ഭരണകാലത്ത് സൈനികമേധാവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാനൊരുങ്ങുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇപ്പോള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com