വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനം കാരണം പറഞ്ഞതാകാം; കര്‍ക്കറെ രക്തസാക്ഷി: പ്രജ്ഞയെ തള്ളി ബിജെപി

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയെ അപമാനിച്ച ഭോപാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിനെ തള്ളി ബിജെപി
വര്‍ഷങ്ങളായി അനുഭവിക്കുന്ന പീഡനം കാരണം പറഞ്ഞതാകാം; കര്‍ക്കറെ രക്തസാക്ഷി: പ്രജ്ഞയെ തള്ളി ബിജെപി


ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയെ അപമാനിച്ച ഭോപാല്‍ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിനെ തള്ളി ബിജെപി. പ്രജ്ഞയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് ബിജെപിയിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

'ഭീകരരെ എതിരിട്ടാണ് കര്‍ക്കരെ വീരമൃത്യു വരിച്ചത്. അദ്ദേഹത്തെ എല്ലായ്‌പോഴും രക്തസാക്ഷിയായാണ് പാര്‍ട്ടി കാണുന്നത്. പ്രജ്ഞയുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണ്. വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനം കാരണമാകാം അവരുടെ പ്രസ്താവന'- ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. 

ഹേമന്ത് കര്‍ക്കറെയുടെ മരണം തന്റെ ശാപം മൂലമാണെന്നായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്ന പശ്ചാതലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. ഐപിഎസ് അസോസിയേഷന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

 തീവ്രവാദത്തിന് എതിരെ പോരാടുമ്പോഴാണ് അശോക് ചക്ര നല്‍കി രാജ്യം ആദരിച്ച ഹേമന്ത് കര്‍ക്കറെ ജീവന്‍ ത്യജിച്ചത്. അദ്ദേഹത്തെ അപമാനിച്ച സാധ്വി പ്രജ്ഞാ സിങ് താക്കൂറിന്റെ നടപടിയെ അപലപിക്കുന്നതായി പേര് പരാമര്‍ശിക്കാതെ ഐപിഎസ് അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

'മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്' ഇതായിരുന്നു കര്‍ക്കറെയെ കുറിച്ചുളള പ്രജ്ഞാ സിങിന്റെ വിവാദപരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com