ഹാര്‍ദിക് പട്ടേലിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് കര്‍ഷകന്‍; സംഭവം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ഇതോടെ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള യാത്ര ഹാര്‍ദിക് പട്ടേലിന് ഉപേക്ഷിക്കേണ്ടി വന്നു
ഹാര്‍ദിക് പട്ടേലിന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ അനുമതി നിഷേധിച്ച് കര്‍ഷകന്‍; സംഭവം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ഹെലികോപ്റ്ററിന് ഇറങ്ങുവാന്‍ തന്റെ ഭൂമി വിട്ടുതരില്ലെന്ന് നിലപാടെടുത്ത് ഗുജറാത്തിലെ കര്‍ഷകന്‍. ഇതോടെ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമുള്ള യാത്ര ഹാര്‍ദിക് പട്ടേലിന് ഉപേക്ഷിക്കേണ്ടി വന്നു. 

പാഞ്ച്മഹല്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനാണ് ഹാര്‍ദിക് പട്ടേല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം എത്താനിരുന്നത്. എന്നാല്‍ തന്റെ ഭൂമിയില്‍ താത്കാലികമായി നിര്‍മിച്ച ഹെലിപ്പാഡ് ഉപയോഗിക്കുവാനുള്ള അനുമതി വിനയ് പട്ടേല്‍ എന്ന കര്‍ഷകന്‍ പിന്‍വലിക്കുകയായിരുന്നു. ഇതോടെ റോഡ് മാര്‍ഗം ലുനാവാഡയിലേക്ക് എത്തിയാണ് ഹര്‍ദിക് തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തത്. 

സംവരണ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ മേല്‍ കയറി നിന്ന് രാഷ്ട്രീയം കളിക്കുകയാണ് ഹാര്‍ദിക് എന്നതാണ് പ്രതിഷേധത്തിനുള്ള കാരണമായി കര്‍ഷകന്‍ പറയുന്നത്. ഹെലികോപ്റ്ററിന് ഇറങ്ങുവാനുള്ള അനുമതി തന്റെ അറിവില്ലാതെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ജില്ലാ ഭരണാധികാരികളില്‍ നിന്നും വാങ്ങുകയായിരുന്നു എന്നും കര്‍ഷകന്‍ പറയുന്നു. 

കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടിയുടെ സംസ്ഥാനത്തെ സ്റ്റാര്‍ ക്യാംപെയ്‌നറായിരുന്നു ഹാര്‍ദിക്. ഹെലികോപ്റ്ററില്‍ സംസ്ഥാനത്തുടനീളം ഹെലികോപ്റ്ററില്‍ എത്തിയാണ് ഹാര്‍ദിക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com