പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിള?

എഐസിസി വക്താവായിരുന്ന പ്രിയങ്കാ ചതുര്‍വേദി പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത് താന്‍ പ്രതീക്ഷിച്ചിരുന്ന സീറ്റ് ഊര്‍മിള മതോണ്ട്കര്‍ക്ക് നല്‍കിയതുകൊണ്ടാണെന്ന് സൂചന
പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിടാന്‍ കാരണം ഊര്‍മിള?

ന്യൂഡല്‍ഹി: എഐസിസി വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത് താന്‍ പ്രതീക്ഷിച്ചിരുന്ന സീറ്റ് ഊര്‍മിള മതോണ്ട്കര്‍ക്ക് നല്‍കിയതുകൊണ്ടാണെന്ന് സൂചന. തന്നോട് മോശമായി പെരുമാറിയതിന് സസ്‌പെന്‍ഷനിലായ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നായിരുന്നു പ്രിയങ്ക പറഞ്ഞിരുന്നത്. 

പത്ത് വര്‍ഷത്തോളമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രിയങ്ക, മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഊര്‍മിളയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നല്‍കുകയായിരുന്നു.

 തന്നെ അവഗണിച്ച് ഊര്‍മിളക്ക് സീറ്റ് നല്‍കിയപ്പോള്‍ തന്നെ പ്രിയങ്ക ചതുര്‍വേദി ശിവസേന നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ ആറ് മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ശിവസേന ജയം ഉറപ്പുള്ള ഒരു സീറ്റ് വാഗ്ദാനം ചെയ്‌തെന്നാണ് സുചന. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പ്രിയങ്ക, മണിക്കൂറുകള്‍ക്കകമാണ് ശിവസേനയിലെത്തിയത്. സേനാ നേതാവ് ഉദ്ധവ് താക്കറെയെ മുംബൈയിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു തീരുമാനം. 

പത്തുവര്‍ഷംമുമ്പ് യൂത്ത് കോണ്‍ഗ്രസിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. ഏതാനും ആഴ്ചകളായി തന്റെ പ്രവര്‍ത്തനത്തെ പാര്‍ട്ടി വിലമതിക്കുന്നില്ലെന്നും കൂടുതല്‍ കാലം കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് ആത്മാഭിമാനത്തെ ചോദ്യംചെയ്യലാവുമെന്നും രാജിക്കത്തില്‍ പ്രിയങ്കയുടെ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com