ഹരിയാനയില്‍ കോണ്‍ഗ്രസിന് വഴങ്ങി ആംആദ്മി പാര്‍ട്ടി; ഡല്‍ഹിയില്‍ സഖ്യമില്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ  ഇന്ന് പ്രഖ്യാപിക്കും

ആംആദ്മി പാര്‍ട്ടിയുമായുളള എല്ലാ സഖ്യസാധ്യതകളും തളളി ന്യൂഡല്‍ഹിയിലെ ഏഴു സീറ്റുകളിലേക്കുമുളള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ഹരിയാനയില്‍ കോണ്‍ഗ്രസിന് വഴങ്ങി ആംആദ്മി പാര്‍ട്ടി; ഡല്‍ഹിയില്‍ സഖ്യമില്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ  ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനിരിക്കേ, ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച സീറ്റുവിഭജന സമവാക്യം അംഗീകരിച്ച് സഖ്യമാകാമെന്ന് ആംആദ്മി പാര്‍ട്ടി. ആംആദ്മി പാര്‍ട്ടിയുമായുളള എല്ലാ സഖ്യസാധ്യതകളും തളളി ന്യൂഡല്‍ഹിയിലെ ഏഴു സീറ്റുകളിലേക്കുമുളള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ഹരിയാനയില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ ആംആദ്മി പാര്‍ട്ടി സമ്മതം മൂളിയിരിക്കുന്നത്.

സീറ്റുവിഭജനചര്‍ച്ചയില്‍ ആംആദ്മി പാര്‍ട്ടി ഒത്തുതീര്‍പ്പിന് തയ്യാറല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് കോണ്‍ഗ്രസ് ന്യൂഡല്‍ഹിയില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന ആംആദ്മി പാര്‍ട്ടിയുടെ നിലപാടാണ് ഡല്‍ഹിയിലെ സഖ്യസാധ്യതകളെ ബാധിച്ചത്. ഡല്‍ഹി സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ സംസ്ഥാന പ്രസിഡന്റ് അജയ് മാക്കാന്‍ ന്യൂഡല്‍ഹിയില്‍ നിന്നും മത്സരിക്കാനാണ് സാധ്യത. ഇതടക്കം ഏഴു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് ഇന്ന് പുറത്തുവിടാന്‍ സാധ്യത.

ഇതിനിടെയാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച സീറ്റുവിഭജനം അംഗീകരിച്ച് ആംആദ്മി പാര്‍ട്ടി രംഗത്തുവന്നിരിക്കുന്നത്. ഹരിയാനയിലെ പത്തു ലോക്‌സഭ മണ്ഡലങ്ങളില്‍ ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് ജെജെപിയും ഒരിടത്തും ആംആദ്മി പാര്‍ട്ടിയും മത്സരിക്കുന്ന തരത്തിലുളള സീറ്റുവിഭജന സമവാക്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിരുന്നത്. ഇത് ആദ്യം അംഗീകരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച സമവാക്യം അംഗീകരിക്കാന്‍ തയ്യാറാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് അറിയിച്ചിരിക്കുന്നത്. ഇതില്‍ കോണ്‍ഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഗോപാല്‍ റായ് പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിനെ ഒഴിവാക്കി ജെജെപിയുമായി ചേര്‍ന്ന് ആംആദ്മി പാര്‍ട്ടി ഹരിയാനയില്‍ സഖ്യം രൂപീകരിച്ചിരുന്നു. നാലിടത്ത് ജെജെപിയും മൂന്നിടത്ത് ആംആദ്മി പാര്‍ട്ടിയും മത്സരിക്കുന്ന തരത്തിലായിരുന്നു സഖ്യത്തിന് ധാരണയായത്. ഇതിന്റെ ഭാഗമായി മൂന്നിടത്ത് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആംആദ്മി പാര്‍ട്ടിയുടെ നിലപാടുമാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com