തടസ്സവാദങ്ങള്‍ തള്ളി ; അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് ആരോപിച്ച് സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്
തടസ്സവാദങ്ങള്‍ തള്ളി ; അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ലഖ്‌നൗ : അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. സ്വതന്ത്രസ്ഥാനാര്‍ത്ഥി ഉന്നയിച്ച തടസ്സവാദങ്ങള്‍ തള്ളിയാണ് വരണാധികാരി നാവനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ തീരുമാനിച്ചത്. രാഹുല്‍ നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്ന് ആരോപിച്ച് സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

ഇത് പരിഗണിച്ച വരണാധികാരി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിച്ചത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിച്ചു. 

ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ധ്രുവ് ലാല്‍ ആവശ്യപ്പെട്ടിരുന്നു. 

രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ സംഭവം വിവാദമാക്കി ബിജെപിയും രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പൗരത്വത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നും ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് നിഷേധിക്കാനാകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിക്ക് നാല് പാസ്‌പോര്‍ട്ടുകളുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെയും ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റില്‍ റൗള്‍ വിന്‍സി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com