'മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി വോട്ടുചെയ്യണം'; സിദ്ദുവിന് വിലക്ക് 

വര്‍ഗീയ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
'മോദിയെ പരാജയപ്പെടുത്താന്‍ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി വോട്ടുചെയ്യണം'; സിദ്ദുവിന് വിലക്ക് 

ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. പ്രചാരണരംഗത്ത് സിദ്ദുവിനെതിരെ 72 മണിക്കൂറിന്റെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. വര്‍ഗീയ പരാമര്‍ശം നടത്തിയ സിദ്ദുവിന്റെ നടപടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപലപിച്ചു.

ബീഹാറില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് സിദ്ദു വര്‍ഗീയ പരാമര്‍ശം നടത്തിയത്. മുസ്ലീം വോട്ടര്‍മാരുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച സിദ്ദുവിന്റെ നടപടിയാണ് വിവാദമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ന്യൂനപക്ഷ ജനസംഖ്യ ഒന്നടങ്കം ഒറ്റക്കെട്ടായി നിന്ന് വോട്ടുചെയ്യണമെന്നാണ് സിദ്ദു ആഹ്വാനം ചെയ്തത്. ഇതിനെതിരെ നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പൊതുസമ്മേളനം, റാലി, റോഡ് ഷോ തുടങ്ങി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്. ചൊവ്വാഴ്ച രാത്രി 10 മണിമുതല്‍ 72 മണിക്കൂര്‍ സമയത്തേയ്ക്കാണ് വിലക്ക് ബാധകം.

ബിഹാറിലെ കത്തിഹാര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി താരിഖ് അന്‍വറിന്റെ പ്രചാരണറാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു നവ്‌ജ്യോത് സിങ് സിദ്ദു വിവാദ പരാമര്‍ശം നടത്തിയത്. 'നിങ്ങള്‍ ന്യൂനപക്ഷമാണെന്ന് കരുതരുത്. നിങ്ങള്‍ ഇവിടെ ഭൂരിപക്ഷമാണ്. 64 ശതമാനമാണ് നിങ്ങളുടെ ജനസംഖ്യ.ഒവൈസി പറയുന്നത് പോലെയുളള കുരുക്കില്‍ വന്നുവീഴരുത്. ബിജെപിയാണ് ഇവരെ പിന്തുണയ്ക്കുന്നത്. 'ഇതാണ് വിവാദമായ സിദ്ദുവിന്റെ വാക്കുകള്‍. 

'നിങ്ങളുടെ ശക്തി നിങ്ങള്‍ തിരിച്ചറിയണം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താന്‍ ഒറ്റക്കെട്ടായി നിന്ന് വോട്ടുചെയ്യണം' മുസ്ലീം വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ടുളള സിദ്ദുവിന്റെ ഇത്തരം പരാമര്‍ശമാണ് വിവാദമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com