വിവാഹക്ഷണക്കത്തില്‍ ഇനി വധുവിന്റെയും വരന്റെയും ജന്മദിനവും; ശൈശവവിവാഹം ശിക്ഷാര്‍ഹമെന്ന് മുന്നറിയിപ്പും 

രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് അക്ഷയ ത്രിതിയയ്ക്ക് മുന്നോടിയായി പുതിയ നിര്‍ദ്ദേശം
വിവാഹക്ഷണക്കത്തില്‍ ഇനി വധുവിന്റെയും വരന്റെയും ജന്മദിനവും; ശൈശവവിവാഹം ശിക്ഷാര്‍ഹമെന്ന് മുന്നറിയിപ്പും 

ബുണ്ടി(രാജസ്ഥാന്‍) : വിവാഹക്ഷണക്കത്തില്‍ ഇനി വധുവിന്റെയും വരന്റെയും ജന്മദിന വിവരങ്ങളും ഉള്‍പ്പെടുത്തണം. ശൈശവവിവാഹം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലാണ് അക്ഷയ തൃതിയയ്ക്ക് മുന്നോടിയായി പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

ശൈശവവിവാഹം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പും വിവാഹക്ഷണക്കത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്ഷയ തൃതിയയോട് അനുബന്ധിച്ച് സംസ്ഥാനത്ത് എല്ലാവര്‍ഷവും വലിയ തോതില്‍ ശൈശവ വിവാഹങ്ങള്‍ നടത്തപ്പെടുന്നതിനാലാണ് ഇത്തരത്തിലൊരു തീരുമാനം. 

മെയ് ഏഴാം തിയതിയാണ് ഈ വര്‍ഷം അക്ഷയ തൃതിയ ദിനമായി ആഘോഷിക്കുന്നത്. സ്‌കൂള്‍ അധികൃതരടക്കമുള്ളവരോട് വരും ദിവസങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കൈയ്യില്‍ മൈലാഞ്ചി ഇട്ടുവരുന്ന കുട്ടികളെയും സ്‌കൂളില്‍ വരാതിരിക്കുന്ന കുട്ടികളെയും പ്രത്യേകം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ മോടിപിടിപ്പിക്കുന്നത് പോലുള്ള നീക്കങ്ങളും നിരീക്ഷിക്കപ്പെടും. ശൈശവവിവാഹം നടക്കുന്നു എന്ന് അറിവ് ലഭിച്ചാല്‍ ഉടന്‍തന്നെ തഹസീല്‍ദാറിനെയോ പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. 

കല്ല്യാണക്കുറികള്‍ അടിക്കുന്ന പ്രിന്റിങ് പ്രസ് ഉടമസ്ഥരോട് വധുവിന്റെയും വരന്റെയും ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും ഇരുവരുടെയും ജന്മദിനം വിവാഹക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തണമെന്നും ബുണ്ടി കളക്ടര്‍ അറിയിച്ചു. 18വയസ്സ് കഴിയാത്ത പെണ്‍ക്കുട്ടികളെയും 21കഴിയാത്ത ആണ്‍ക്കുട്ടികളെയും വിവാഹം കഴിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് കാര്‍ഡുകളില്‍ ഉള്‍പ്പെടുത്താനും കളക്ടര്‍ ആവശ്യപ്പെട്ടു. അക്ഷയതൃതിയയ്ക്ക് 15ദിവസം മുമ്പ് മുതല്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനസജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com