'സസ്‌പെന്‍സിന് വിരാമം'; ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും
'സസ്‌പെന്‍സിന് വിരാമം'; ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി 

ന്യൂഡല്‍ഹി:  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബിജെപിയുടെ പ്രഖ്യാപനം. അടുത്തിടെയാണ് ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതടക്കം ന്യൂഡല്‍ഹിയില്‍ മത്സരിക്കുന്ന അഞ്ചുസ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പുറത്തുവിട്ടത്.

നാലിടത്ത് സിറ്റിങ് എംപിമാരെ തന്നെ നിലനിര്‍ത്തിയപ്പോള്‍ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ മാത്രമാണ് പുതിയ സ്ഥാനാര്‍ത്ഥിയെ ബിജെപി പരീക്ഷിക്കുന്നത്.  അരവിന്ദ് കെജ്‌രിവാളിനൊപ്പം ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹേഷ് ഗിരിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയിലെ രാജ് മോഹന്‍ ഗാന്ധിയെ 1,90,463 വോട്ടിനാണ് ഗിരി പരാജയപ്പെടുത്തിയത്.

ഇക്കുറി എഎപിയുടെ അതിഷി മര്‍ലെനയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്‌ലിയുമാണ് ഗംഭീറിന്റെ എതിരാളികള്‍.ന്യൂഡല്‍ഹി മണ്ഡലത്തില്‍ സിറ്റിങ് എംപി മീനാക്ഷി ലേഖി തന്നെ മത്സരിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അജയ് മാക്കനും ആംആദ്മി പാര്‍ട്ടിയുടെ ബ്രജേഷ് ഗോയലുമാണ് മീനാക്ഷി ലേഖിയുടെ എതിരാളികള്‍.ബിജെപി പുറത്തിറക്കിയ ഇരുപത്തിനാലാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ ഈ രണ്ട് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 

സംസ്ഥാനത്തെ മറ്റ് നാല് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരിയും വെസ്റ്റ് ഡെല്‍ഹിയില്‍ പ്രവേഷ് വര്‍മയും സൗത്ത് ഡല്‍ഹിയില്‍ രമേഷ് ബിദുരിയും ചാന്ദ്‌നി ചൗക്കില്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ദ്ധനും മത്സരിക്കും. ആറാം ഘട്ടമായ മെയ് പന്ത്രണ്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com