ചീഫ് ജസ്റ്റിസിനെതിരായ കേസ്‌  ; ഗൂഢാലോചന ആരോപിച്ച അഭിഭാഷകന് സുപ്രിം കോടതിയുടെ നോട്ടീസ് 

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ചീഫ് ജസ്റ്റിസിനെതിരായ കേസ്‌  ; ഗൂഢാലോചന ആരോപിച്ച അഭിഭാഷകന് സുപ്രിം കോടതിയുടെ നോട്ടീസ് 

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗിക  ആരോപണക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ അഭിഭാഷകന് സുപ്രിംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസിനെതിരായി ഹാജരാകുന്നതിന് 1.5 കോടി രൂപ തനിക്ക് വാഗ്ദാനം ലഭിച്ചെന്ന ഉത്സവ് സിങിന്റെ വെളിപ്പെടുത്തലിലാണ് സുപ്രിം കോടതി വിശദീകരണം തേടിയിരിക്കുന്നത്. പ്രസ് ക്ലബില്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനായാണ് ഈ തുക വാഗ്ദാനം ചെയ്തതെന്നും ഉത്സവ് സിങ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസ് സുപ്രിം കോടതി നാളെ പരിഗണിക്കും. മുന്‍ സുപ്രിം കോടതി ജീവനക്കാരിയോട് ചീഫ് ജസ്റ്റിസ് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. പരാതിയില്‍ വലിയ ഗൂഢാലോചന ഉണ്ട്. ആരോപണങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാതെ ഒഴിഞ്ഞു മാറുന്നില്ലെന്നും സംഭവത്തിലെ വസ്തുത തെളിയിക്കുമെന്നും ചീഫ് ജസ്റ്റിസ് കഴിഞ്ഞ ശനിയാഴ്ച വിളിച്ച് ചേര്‍ത്ത അടിയന്തര സിറ്റിങില്‍ വ്യക്തമാക്കിയിരുന്നു. വിലയ്‌ക്കെടുക്കാന്‍ സാധിക്കാത്തവരെ ഇത്തരം കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ദുര്‍ബലപ്പെടുത്തുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും ഗൊഗോയ് ആരോപിച്ചിരുന്നു.

എ ജി അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ ചീഫ് ജസ്റ്റിസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഈ കേസില്‍ ഹാജരാകാന്‍ തനിക്ക് വലിയ തുക വാഗ്ദാനം ചെയ്തുവെന്നും സുപ്രിം കോടതി അഭിഭാഷകനായ ഉത്സവ് സിങ് വെളിപ്പെടുത്തിയത്. തിങ്കളാഴ്ച ഇയാള്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു.
 ലൈംഗിക താത്പര്യങ്ങളോടെ ചീഫ് ജസ്റ്റിസ് സമീപിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ കുടുംബത്തെ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com