'ടിക് ടോക്' നിരോധനം നീക്കി ഹൈക്കോടതി ; അശ്ലീല ഉള്ളടക്കങ്ങള്‍ ഒഴിവാക്കുമെന്ന് കമ്പനിയുടെ ഉറപ്പ്  

ടിക് ടോക്ക് ഉടമകളായ ബൈറ്റന്‍ഡന്‍സ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ മധുരൈ ബഞ്ച് വിധി പുറപ്പെടുവിച്ചത്.
'ടിക് ടോക്' നിരോധനം നീക്കി ഹൈക്കോടതി ; അശ്ലീല ഉള്ളടക്കങ്ങള്‍ ഒഴിവാക്കുമെന്ന് കമ്പനിയുടെ ഉറപ്പ്  

ചെന്നൈ: ജനപ്രിയ വിഡിയോ അപ് ലോഡിങ് ആപ്പായ 'ടിക് ടോക്കി'ന്റെ നിരോധനം നീക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിറക്കി. ടിക് ടോക്ക് ഉടമകളായ ബൈറ്റന്‍ഡന്‍സ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയിലാണ് കോടതിയുടെ മധുരൈ ബഞ്ച് വിധി പുറപ്പെടുവിച്ചത്. ടിക് ടോക്കിന്റെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഹൈക്കോടതി പുറപ്പെടുവിച്ചില്ലെങ്കില്‍ നിരോധിച്ചതായുള്ള ഇടക്കാല ഉത്തരവ് റദ്ദാകുമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ടിക് ടോക്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ ഐസക് മോഹന്‍ലാലിന്റെ വാദങ്ങള്‍ ജസ്റ്റിസ് എന്‍ കിറുബാകരന്‍ അധ്യക്ഷനായ ബഞ്ച് അംഗീകരിക്കുകയായിരുന്നു. അശ്ലീല ഉള്ളടക്കങ്ങള്‍ ആപ്പില്‍ പ്രത്യക്ഷപ്പെടുന്നത് നിരോധിക്കാനും അത്തരം ഉള്ളടക്കങ്ങള്‍ അപ്ലോഡ് ചെയ്യപ്പെടാതിരിക്കാനുള്ള സാങ്കേതിക വിദ്യ കര്‍ശനമാക്കുമെന്ന് കമ്പനി കോടതിയില്‍ ഉറപ്പ് നല്‍കി.

 കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വിഡിയോകള്‍ ആപ്പ് വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും അതിനാല്‍ ആപ്പ് നിരോധിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്താണ് നേരത്തേ മദ്രാസ് ഹൈക്കോടതി ടിക് ടോക് വിലക്കി ഇടക്കാല ഉത്തരവിറക്കിയത്. ഇതിനെതിരെ കമ്പനി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ വാദം പോലും കേള്‍ക്കാന്‍ തയ്യാറാകാതെയാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു കമ്പനി സുപ്രിം കോടതിയില്‍ വാദിച്ചത്. കോടതി ഉത്തരവ് വന്നതിന് പിന്നാലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com