മമത ബാനര്‍ജി വര്‍ഷം ഒന്നോ രണ്ടോ കുര്‍ത്ത അയച്ചുതരും, പ്രതിപക്ഷ നിരയില്‍ നിരവധി സുഹൃത്തുക്കളുണ്ടെന്നും മോദി

നടന്‍ അക്ഷയ്കുമാറുമായുളള അഭിമുഖത്തിലാണ് രാഷ്ട്രീയേതര കാര്യങ്ങളെ കുറിച്ച് മോദി വാചാലനായത്
മമത ബാനര്‍ജി വര്‍ഷം ഒന്നോ രണ്ടോ കുര്‍ത്ത അയച്ചുതരും, പ്രതിപക്ഷ നിരയില്‍ നിരവധി സുഹൃത്തുക്കളുണ്ടെന്നും മോദി

ന്യൂഡല്‍ഹി:  പ്രതിപക്ഷനിരയിലും തനിക്ക് നിരവധി സുഹൃത്തുക്കളുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി തനിക്ക് കുര്‍ത്തയും മധുരപലഹാരങ്ങളും അയച്ചുതരാറുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രീയരംഗത്ത് മോദിയെ ശക്തമായി എതിര്‍ക്കുന്ന വ്യക്തികളുടെ കൂട്ടത്തില്‍ പ്രമുഖയാണ് മമത ബാനര്‍ജി.നടന്‍ അക്ഷയ്കുമാറുമായുളള അഭിമുഖത്തിലാണ് രാഷ്ട്രീയേതര കാര്യങ്ങളെ കുറിച്ച് മോദി വാചാലനായത്.

'പ്രതിപക്ഷനിരയില്‍ എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ഞങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി പോലും അല്ലാതിരുന്ന സമയത്ത്, ചില കാര്യങ്ങള്‍ക്കായി പാര്‍ലമെന്റില്‍ പോകുകയുണ്ടായി. അന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി സൗഹൃദസംഭാഷണം നടത്തുകയുണ്ടായി. അന്ന് പുറത്തുവരുമ്പോള്‍ മാധ്യമങ്ങള്‍ എന്നോട് ചോദിച്ചു, ഒരു ആര്‍എസ്എസ് പശ്ചാത്തലത്തില്‍ നിന്നും വരുന്ന എനിക്ക് എങ്ങനെ ആസാദിനെ പോലെയുളള സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാന്‍ കഴിയുന്നുവെന്ന്?, ഇതിന് ഗുലാം നബിയാണ് ഉത്തരം പറഞ്ഞത്.  നിങ്ങള്‍ പുറത്തുളളവര്‍ ചിന്തിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. വ്യത്യസ്ത സംഘടനകളില്‍ നിന്നുളളവര്‍ ഒരു കുടുംബം പോലെ ഈഴയടുപ്പം ഉളളവര്‍ ആകുന്നത് നിങ്ങള്‍ ചിന്തിക്കുന്നതിന് അപ്പുറമാണ്'- മോദി ഓര്‍മ്മിച്ചു.

'ഇപ്പോഴും മമത വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുര്‍ത്ത എനിക്ക് അയച്ചുതരും. അവര്‍ തന്നെ തെരഞ്ഞെടുത്ത കുര്‍ത്തയാണ് അയച്ചുതരാറ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനപോലും വര്‍ഷത്തില്‍ മൂന്നുനാലു തവണകളായി മധുരപലഹാരങ്ങള്‍ അയച്ചുതരാറുണ്ട്. ഇക്കാര്യം മമത അറിഞ്ഞതില്‍ പിന്നെയാണ് അവരും മധുരപലഹാരങ്ങള്‍ അയച്ചുതുടങ്ങിയത്'- മോദി തുടര്‍ന്നു.

കഴിഞ്ഞദിവസം വരെ മോദിക്കെതിരെ ആഞ്ഞടിച്ച് മമത രംഗത്തുവന്നിരുന്നു. നോട്ടുനിരോധനം, ചരക്കുസേവന നികുതി തുടങ്ങിയ സാമ്പത്തികപരിഷ്‌കരണ നടപടികളെ ചോദ്യം ചെയ്തതാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്. ഇതിനിടയിലാണ് എല്ലാവരെയും അമ്പരിപ്പിച്ച് മമതയുമായുളള സൗഹൃദം മോദി വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com