ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; 'ബിജെപിയില്‍ നിന്നും 15സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയും'

ബിജെപി ദളിതരെ ബഹുമാനിക്കാന്‍ തയ്യാറാകുന്നില്ല. ബിജെപിയില്‍ 10 മുതല്‍ 15 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ തനിക്കുകഴിയും 
ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; 'ബിജെപിയില്‍ നിന്നും 15സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കഴിയും'

ന്യൂഡല്‍ഹി: വടക്ക് പടിഞ്ഞാറന്‍ മണ്ഡലത്തിലെ ബിജെപിയുടെ സിറ്റിംഗ് എംപിയും ദളിത് നേതാവുമായ ഡോ. ഉദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ഉദിത്ത് ബിജെ.പി വിട്ടിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ദളിത് വിരുദ്ധ ബിജെപിക്കെതിരെയായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനുശേഷം ഉദിത്ത് പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നേതാക്കളായ കെസി വേണുഗോപാല്‍, ഷീല ദീക്ഷിത്, രണ്‍ദീപ് സുര്‍ജേവാല എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദിത്തിന്റെ കോണ്‍ഗ്രസ് പ്രവേശം.

പരസ്യ നിലപാടുകള്‍ സ്വീകരിച്ചത് വഴി കഴിഞ്ഞ കുറച്ചു കാലങ്ങളായി പാര്‍ട്ടിയില്‍ സ്വീകാര്യത നഷ്ടമായ ഉദിത്തിന് പകരം ഗായകനായ ഹന്‍സ്‌രാജ് ഹന്‍സിനെയാണ് വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഉദിത് രാജ് കഴിഞ്ഞ ദിവസം ബിജെപി വിട്ടത്. 

ബിജെപിക്കായി നന്നായി പ്രവര്‍ത്തിച്ച ഒരു എംപിയാണ് താന്‍. ആ നിലയില്‍ ഏറെ ശ്രദ്ധേയനായ വ്യക്തികൂടിയാണ്. എന്നാല്‍ ബിജെപി ദളിതരെ ബഹുമാനിക്കാന്‍ തയ്യാറാകുന്നില്ല. ബിജെപിയില്‍ 10 മുതല്‍ 15 സീറ്റുകള്‍ പിടിച്ചെടുക്കാന്‍ തനിക്കുകഴിയുമെന്നും ഉദിത് പറഞ്ഞു. ദളിതര്‍ക്കായി ഒരു ശബ്ദം പോലും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ പരസ്യമായി പിന്തുണച്ച നേതാവുകൂടിയാണ് ഉദിത്ത്. 2014 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടിയെന്ന തന്റെ സ്വന്തം പാര്‍ട്ടി ബിജെപിയില്‍ ലയിപ്പിച്ചാണ് ഉദിത് രാജ് ഡല്‍ഹിയില്‍ മത്സരിച്ച് ജയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com