സീറ്റ് നിഷേധിച്ചത് വലിയ തെറ്റ്; കനയ്യ കുമാര്‍ തനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ദിഗ്‌വിജയ് സിങ്

ബിഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ താന്‍ മത്സരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്
സീറ്റ് നിഷേധിച്ചത് വലിയ തെറ്റ്; കനയ്യ കുമാര്‍ തനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ദിഗ്‌വിജയ് സിങ്

ഭോപ്പാല്‍: ബിഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ താന്‍ മത്സരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ പ്രചാരണത്തിനിറങ്ങുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്. രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാണത്തിന് അദ്ദേഹം എത്തുമെന്നാണ് ദിഗ്‌വിജയ് സിങ് അറിയിച്ചിരിക്കുന്നത്. താന്‍ കനയ്യയെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

'ഞാന്‍ കനയ്യ കുമാറിനെ പരസ്യമായി പിന്തുണയ്ക്കുന്നു. അദ്ദേഹത്തിന് സീറ്റ് നല്‍കാതിരുന്നത് ആര്‍ജെഡി ചെയ്ത വലിയ തെറ്റായിരുന്നുവെന്ന് ഞാന്‍ പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം മോയ് 8,9 തീയതികളില്‍ മധ്യപ്രദേശില്‍ പ്രചാണത്തിന് എത്തുന്നു എന്ന വാര്‍ത്ത ഞാന്‍ സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്. അദ്ദേഹം ദേശദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന് എന്റെ പാര്‍ട്ടിയില്‍ പോലും സംശയുമുണ്ടായിരുന്നു. പക്ഷേ അദ്ദഹത്തിന് എതിരെ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അതൊരു നുണ പ്രചാരണമായിരുന്നു.'- അദ്ദേഹം പറഞ്ഞു. 

ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യം കനയ്യ കുമാറിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇടത് പാര്‍ട്ടികള്‍ പൊതു സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ ബെഗുസരായില്‍ മത്സരിപ്പിക്കുകയായിരുന്നു. കനയ്യക്ക് സീറ്റ് നിഷേധിച്ച ആര്‍ജെഡി നടപടിക്ക് എതിരെ കോണ്‍ഗ്രസ് പ്രതികരിക്കാത്തതിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രൂക്ഷഭാഷയില്‍ ചോദ്യം ചെയ്തിരുന്നു. ആര്‍ജെഡി സ്ഥാനാര്‍ത്ഥി തന്‍വീര്‍ ഹസ്സനെ പിന്‍വലിച്ച് മണ്ഡലത്തില്‍ ത്രികോണ മത്സരം ഒഴിവാക്കണമെന്ന സിപിഐയുടെ ആവശ്യം ആര്‍ജെഡി അംഗീകരിച്ചിരുന്നില്ല. 

ബെഗുസരായി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക് നാളെ നീങ്ങാനിരിക്കെ ദിഗ്‌വിജയ് സിങിന്റെ പ്രസ്താവന വന്നിരിക്കുന്നത് കോണ്‍ഗ്രസിനെയും സിപിഐയെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കനയ്യ കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്നു എന്ന വാര്‍ത്തയോട് സിപിഐ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com