സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; ഹർജിയുമായി ബിജെപി നേതാവ് സുപ്രീം കോടതിയിൽ

അഭിഭാഷകയും ഡ‍ൽഹിയിലെ ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്
സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം; ഹർജിയുമായി ബിജെപി നേതാവ് സുപ്രീം കോടതിയിൽ

ന്യൂഡ‍ൽഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുപ്രീം കോടതിയില്‍. ഇതിനുള്ള സാധ്യത കേന്ദ്ര സര്‍ക്കാരിനോട് ആരായണമെന്നാവശ്യപ്പെട്ട് അഭിഭാഷകയും ഡ‍ൽഹിയിലെ ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. 

വ്യാജ വാര്‍ത്തകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത് തടയാന്‍ അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നിലവില്‍ രാജ്യത്ത് 3.5 കോടി ട്വിറ്റര്‍ അക്കൗണ്ടുകളും 32.5 കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമാണുള്ളത്. 

സോഷ്യല്‍ മീഡിയ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇവയില്‍ പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണ്. പ്രശസ്തരുടെ പേരുകളില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് നിലവിലുള്ളത്. ഇത്തരം വ്യാജ അക്കൗണ്ടുകളില്‍ പലതും യഥാര്‍ത്ഥമാണെന്ന് കരുതി ജനങ്ങള്‍ അവയിലൂടെ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങള്‍ വിശ്വസിക്കുന്നു. ഇത് പലവിധത്തിലുള്ള കലാപങ്ങള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വരെ കാരണമാകുന്നതായും ഹ​ർജിയിൽ പറയുന്നു. 

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വ്യാജ അക്കൗണ്ടുകള്‍ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പലരും എതിര്‍ സ്ഥാനാര്‍ത്ഥികളെക്കുറിച്ച് ദുഷ്പ്രചാരണം നടത്താന്‍ ഇത്തരം വ്യാജ അക്കൗണ്ടുകളിലൂടെ ശ്രമിക്കാറുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com