ഒന്നിലേറെ വോട്ടര്‍ കാര്‍ഡ് : അരവിന്ദ് കെജരിവാളിന്റെ ഭാര്യക്കെതിരെ പരാതിയുമായി ബിജെപി

സുനിത കെജരിവാളിനെതിരെ ബിജെപി നേതാവ് ഹരീഷ് ഖുരാന തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കി
ഒന്നിലേറെ വോട്ടര്‍ കാര്‍ഡ് : അരവിന്ദ് കെജരിവാളിന്റെ ഭാര്യക്കെതിരെ പരാതിയുമായി ബിജെപി

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതക്കെതിരെ പരാതിയുമായി ബിജെപി. സുനിത കെജരിവാളിന് രണ്ട് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഹരീഷ് ഖുരാന തീസ് ഹസാരി കോടതിയില്‍ പരാതി നല്‍കി. 

സുനിത കെജരിവാളിന് യുപിയിലെ സാഹിബാബാദിലും( ഗാസിയാബാദ്), ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലുമാണ് ( സിവില്‍ ലൈന്‍സ്) വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുള്ളതെന്ന് പരാതിയില്‍ ബിജെപി വ്യക്തമാക്കുന്നു. രണ്ടിടത്തെ വോട്ടര്‍ പട്ടികയിലും സുനിതയുടെ പേരുണ്ട്. 

ഒന്നിലേറെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ് കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ആദായ നികുതി വകുപ്പില്‍ ഉന്നത പദവി വഹിച്ചിട്ടുള്ള ഐആര്‍എസ് ഓഫീസറാണ് സുനിത കെജരിവാള്‍. ഉന്നത വിദ്യാഭ്യാസമുള്ള സുനിതയ്ക്ക് ഒന്നിലേറെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കുന്നതും വിവിധ ഇടങ്ങളിലെ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുന്നതും കുറ്റകരമാണെന്ന് അറിയാവുന്നതാണ്. 

മാത്രമല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടോ, അല്ലാതെയോ പങ്കാളിയായ വ്യക്തിയുമാണ്. ഈ പശ്ചാത്തലത്തില്‍ സുനിത കെജരിവാളിനെതിരെ ക്രിമിനല്‍ ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു. ഒന്നിലേറെ വോട്ടര്‍കാര്‍ഡ് കൈവശം വെക്കുന്നതും, വിവിധ ഇടങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേര് നിലനിര്‍ത്തുന്നതും ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

ഇരട്ട വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം മുന്‍ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ എഎപി സ്ഥാനാര്‍ത്ഥി അതിഷി രംഗത്തു വന്നിരുന്നു. ഗംഭീറിനെതിരെ പൊലീസില്‍ പരാതിയും നല്‍കി. ഇതിന് മറുപടിയായാണ് ബിജെപി ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്റെ ഭാര്യക്കെതിരെ ഒന്നിലേറെ വോട്ടര്‍കാര്‍ഡിന്റെ പേരില്‍ പരാതി നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com