ശ്രീലങ്കന്‍ സ്‌ഫോടനം; കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ

കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ക്ക്‌ ഐഎസ് റിക്രൂട്ട്‌മെന്റ്‌ കേസുമായി ബന്ധമുണ്ടെന്ന സൂചനയാണ് എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്നത്
ശ്രീലങ്കന്‍ സ്‌ഫോടനം; കേരളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ

കൊച്ചി: കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന് എന്‍ഐഎ. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവരാണ് പിടിയിലായത്. സഹ്രാന്‍ ഹാഷിം കേരളത്തില്‍ എത്തിയിട്ടുണ്ടോ എന്നും എന്‍ഐഎ പരിശോധിക്കും. 

സ്‌ഫോടനവുമായി ബന്ധമുള്ള സംഘടനയോട് യോജിപ്പുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഇപ്പോള്‍ പിടിയിലായിരിക്കുന്നവര്‍ക്ക്‌ ഐഎസ് റിക്രൂട്ട്‌മെന്റ്‌ കേസുമായി ബന്ധമുണ്ടെന്ന സൂചനയാണ് എന്‍ഐഎയ്ക്ക് ലഭിച്ചിരിക്കുന്നത്. പാലക്കാട് സ്വദേശി റിയാസിനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ സഫ്‌റാന്‍ ഹാഷിമിന്റെ കടുത്ത അനുയായിയാണ് എന്ന് കണ്ടെത്തി. റിയാസ് തീവ്ര മതപ്രഭാഷണങ്ങള്‍ നടത്തുന്ന വ്യക്തിയാണെന്നത് വ്യക്തമാക്കുന്ന തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. 

കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഐഎസില്‍ ചേരുന്നതിനായി റിക്രൂട്ട്‌മെന്റ് നടന്ന സംഭവത്തില്‍ റിയാസിന് പങ്കുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരുമായി റിയാസിന് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന കോള്‍ റെക്കോര്‍ഡുകളടക്കമുള്ള തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്. 

കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ രണ്ട് പേരുടെ വീടുകളില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ ഇരുവരോടും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ എന്‍ഐഎ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. കാസര്‍കോട്, പാലക്കാട് സ്വദേശികളെ ഐഎസ് റിക്രൂട്ടിങ് കേസില്‍ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം എന്‍ഐഎ ഇന്ന് എടുത്തേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com