കര്‍ക്കറെയ്ക്ക് എതിരായ ബിജെപിയുടെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല: മികച്ച ഓഫീസര്‍ ആയിരുന്നില്ലെന്ന് സുമിത്ര മഹാജന്‍

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല.
കര്‍ക്കറെയ്ക്ക് എതിരായ ബിജെപിയുടെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല: മികച്ച ഓഫീസര്‍ ആയിരുന്നില്ലെന്ന് സുമിത്ര മഹാജന്‍

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെയെക്കുറിച്ചുള്ള ബിജെപി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ അവസാനിക്കുന്നില്ല. ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് താക്കൂറിന് പിന്നാലെ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനാണ് കര്‍ക്കറെയെക്കുറിച്ച് പുതിയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര എടിഎസ് തലവന്‍ എന്ന നിലയില്‍ കര്‍ക്കറെയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നില്ല എന്നാണ് സുമിത്ര മഹാജന്റെ പ്രസ്താവന. 

കര്‍ക്കറെ ഒരു രക്തസാക്ഷിയാണ്. കാരണം അദ്ദേഹം മരിച്ചത് ജോലിക്കിടയിലാണ്, പക്ഷേ മഹാരാഷ്ട്ര എടിഎസ് തലവന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നില്ല. പൊലീസ് ഓഫീസറെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായിരുന്നില്ല എന്ന് സുമിത്ര ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‌വിജയ് സിങ് കര്‍ക്കറെയുടെ സുഹൃത്തായിരുന്നുവെന്നും എന്നാല്‍ അതിനുള്ള തെളിവ് തന്റെ കൈവശമില്ലെന്നും പറഞ്ഞു കേട്ടുള്ള അറിവാണെന്നും സുമിത്ര പറയുന്നു. 

ദിഗ്‌വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആര്‍എസ്എസിനെ തീവ്രവാദ സംഘടനയായി മുദ്രവകുത്തിയെന്നും ബോംബുകളുണ്ടാക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നും ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര എടിഎസിന്റെ നടപടിക്ക് പിന്നില്‍ സിങായിരുന്നു എന്നും അവര്‍ പറഞ്ഞു. 

തന്നെ ഹേമന്ദ് കര്‍ക്കറെയുമായി ചേര്‍ക്കുന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണെന്ന് ഇതിന് പ്രതികരണമായി ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു. 

കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണ് എന്നായിരുന്നു പ്രജ്ഞയുടെ പ്രസ്താവന. ''മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്'' എന്നായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം. 

ഇതിനെതിരെ രൂക്ഷ വിമര്‍ശനമുയരുകയും പൊലീസിനോട് കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രജ്ഞയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. പ്രജ്ഞയെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി.  ''സമ്പന്നമായ ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്ന എല്ലാവര്‍ക്കുമുള്ള പ്രതീകാത്മക മറുപടിയാണ് പ്രജ്ഞയുടെ സ്ഥാനാര്‍ത്ഥിത്വം'' എന്നായിരുന്നു േേമാദിയുടെ പ്രതികരണം. 

''സംഝോത എക്‌സപ്രസ് സ്‌ഫോടന കേസില്‍ ഒരു തെളിവുമില്ലാതെ 5000വര്‍ഷം പഴക്കമുള്ള, എല്ലാവരും ഒന്നാണെന്ന പ്രത്യയശാസ്ത്രമുള്ള ഒരു സംസ്‌കാരത്തെ നിങ്ങള്‍ തീവ്രവാദികള്‍ എന്ന് വിളിച്ചില്ലേ'' എന്നായിരുന്നു മോദിയുടെ ചോദ്യം. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇത് പറഞ്ഞത്. ജസ്റ്റിസ് ലോയയുടെ മരണത്തിലും സംഝോത എക്‌സപ്രസ് സ്‌ഫോടനക്കേസിലും കോണ്‍ഗ്രസ് തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു.

പ്രജ്ഞാ സിങ് താക്കൂര്‍ ദേശസ്‌നേഹിയും ഇന്ത്യയുടെ നിഷ്‌കളങ്കയായ പുത്രിയുമാണെന്നുമായിരുന്നു മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞയ്ക്ക് എതിരെ തെറ്റായ ആരോപണങ്ങള്‍ ചുമത്തുകയാണ്. കുറ്റക്കാരിയാക്കാന്‍ നിയമം വളച്ചൊടിച്ചു. മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് അവര്‍ നേരിടേണ്ടിവന്നത്. മറ്റുള്ളവര്‍ക്ക് മരവിപ്പ് തോന്നുന്ന അനുഭവങ്ങളിലൂടെയാണ് അവര്‍ കടന്നുവന്നത്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com