'ചൗക്കീദാര്‍ ചോര്‍ഹെ'യില്‍ മാപ്പപേക്ഷിച്ച് രാഹുല്‍ഗാന്ധി ; രേഖാമൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

കോടതി അലക്ഷ്യ കേസില്‍ രാഹുല്‍ഗാന്ധിക്ക് രൂക്ഷ വിമര്‍ശനം. സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ ഖേദം എന്നെഴുതിയാല്‍ ഖേദപ്രകടനം ആകുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ്
'ചൗക്കീദാര്‍ ചോര്‍ഹെ'യില്‍ മാപ്പപേക്ഷിച്ച് രാഹുല്‍ഗാന്ധി ; രേഖാമൂലം സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി : ചൗക്കീദാര്‍ ചോര്‍ഹെ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ മാപ്പുപറഞ്ഞു. തിങ്കളാഴ്ച രേഖാമൂലം മാപ്പപേക്ഷ സമര്‍പ്പിക്കാനും കോടതി രാഹുലിനോട് നിര്‍ദേശിച്ചു. റഫാല്‍ ഇടപാടില്‍ കോടതി കാവല്‍ക്കാരന്‍ കള്ളനാണെന്ന് കണ്ടെത്തിയെന്ന് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. കോടതി അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും, രാഹുലിന്‍രെ പ്രസ്താവന കോടതി അലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. 

ഹര്‍ജി പരിഗണിച്ചപ്പോള്‍, പ്രസംഗത്തില്‍ കോടതിയെ പരാമര്‍ശിച്ചത് തെറ്റായിപ്പോയെന്നും, ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ഗാന്ധി സത്യവാങ്മൂലം സമര്‍പ്പിച്ചതായും രാഹുലിന്റെ അഭിഭാഷകനായ മനു അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാട്ടി. രാഹുല്‍ രണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും രണ്ടിലും ഖേദം പ്രകടിപ്പിക്കുന്നു എന്ന ഒറ്റ വാക്കുമാത്രമേ ഉള്ളൂവെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകയായ രുചി കോഹ് ലി പറഞ്ഞു. 

തുടര്‍ന്ന് സത്യവാങ്മൂലത്തില്‍ ബ്രാക്കറ്റില്‍ ഖേദം എന്നെഴുതിയാല്‍ ഖേദപ്രകടനം ആകുന്നതെങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഖേദം പ്രകടിപ്പിക്കുന്നതിന് 22 പേജുള്ള സത്യവാങ്മൂലം എന്തിനെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആരാഞ്ഞു. ഹര്‍ജിക്കാരിയുടെ വാദം തെറ്റെന്നും, ഖേദ പ്രകടനവും മാപ്പു പറയലും ഒന്നുതന്നെയെന്ന് മനു അഭിഷേക് സിംഗ് വി വാദിച്ചു. 

സത്യവാങ്മൂലത്തെ എതിര്‍കക്ഷികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും സിംഗ് വി പറഞ്ഞു. ചൗകീദാര്‍ ചോര്‍ഹെ എന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മുദ്രാവാക്യമാണ്. ഇതുമായി കോടതിയെ ബന്ധപ്പെടുത്തിയതാണ് രാഹുലിന് പറ്റിയ തെറ്റ്. അതില്‍ മാപ്പപേക്ഷിക്കുന്നു. ഇക്കാര്യം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന് സിംഗ് വി പറഞ്ഞു. 

രാഷ്ട്രീയ വാദങ്ങല്‍ കോടതിക്ക് പുറത്ത് മതി എന്ന് പ്രതികരിച്ച കോടതി നിലവിലെ സത്യവാങമൂലത്തില്‍ മാപ്പ് പറഞ്ഞത് എവിടെയെന്നും ആരാഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ ന്യായീകരിക്കാനാണോ രാഹുല്‍ ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. മാപ്പു പറഞ്ഞുകൊണ്ട് പുതിയ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു. കോടതി അലക്ഷ്യ ഹർജി സുപ്രിംകോടതി തിങ്കളാഴ്ച വീണ്ടും പരി​ഗണിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com