ഡോക്‌ടർമാരുടെ പ്രതിഷേധം വകവച്ചില്ല; മെഡിക്കൽ ബിൽ രാജ്യസഭയും പാസാക്കി 

രാഷ്ട്രപതി ഒപ്പുവച്ചാൽ ബിൽ നിയമമാകും
ഡോക്‌ടർമാരുടെ പ്രതിഷേധം വകവച്ചില്ല; മെഡിക്കൽ ബിൽ രാജ്യസഭയും പാസാക്കി 

ന്യൂഡൽഹി: ഡോക്‌ടർമാർക്ക് പ്രാക്‌ടീസിനുമുമ്പ് ദേശീയ പരീക്ഷയ്ക്ക് ശുപാർശ ചെയ്യുന്ന മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയും പാസാക്കി. ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തെ അവ​ഗണിച്ചാണ് ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും ബില്ല് പാസ്സാക്കിയിരിക്കുന്നത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും. 

രാജ്യസഭയിൽ 101 പേർ ബില്ലിനെ പിന്തുണച്ചപ്പോൾ 51 പേരാണ് എതിർപ്പ് അറിയിച്ചത്. ഇതോടെ എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കുകയും ഇതിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ എംഡി കോഴ്‍സിലേക്കുള്ള പ്രവേശനം നടത്തുകയും ചെയ്യും. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കുമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നു. 

ബിൽ പ്രകാരം മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും.

ഇന്ത്യൻ മെഡിക്കൽ കൗൺസിലിന് പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം. എന്നെല്ലാമാണ് ബില്ലിലെ വ്യവസ്ഥകൾ. ആയുഷ്, ഹോമിയോ ഡോക്ടർമാർക്ക് ബ്രിഡ്‍ജ് കോഴ്‍സ് പാസ്സായി അലോപ്പതി ചികിത്സ നടത്താം എന്ന വ്യവസ്ഥ പ്രക്ഷോഭത്തെ തുടർന്ന് ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com