പെണ്‍കുട്ടിയുടെ ചികിത്സ ലക്‌നൗവില്‍ തുടരും, ധനസഹായം കൈമാറിയെന്ന് യുപി സര്‍ക്കാര്‍; സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു

പെണ്‍കുട്ടിയുടെ അമ്മാവനെ ഉടന്‍ തന്നെ ഡല്‍ഹി തിഹാര്‍ ജയിലിലേക്കു മാറ്റാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു
പെണ്‍കുട്ടിയുടെ ചികിത്സ ലക്‌നൗവില്‍ തുടരും, ധനസഹായം കൈമാറിയെന്ന് യുപി സര്‍ക്കാര്‍; സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തു

ന്യൂഡല്‍ഹി: ദുരൂഹമായ വാഹനാപകടത്തില്‍പ്പെട്ട, ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ചികിത്സ ലക്‌നൗവിലെ ആശുപത്രിയില്‍ തുടരും. ലക്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരാനാണ് താത്പര്യമൈന്ന് ബന്ധുക്കള്‍ സുപ്രിം കോടതിയെ അറിയിച്ചു. 

ഇന്നു രാവിലെ കേസ് പരിഗണിച്ചപ്പോള്‍ ലക്‌നൗവില്‍ ചികിത്സ തുടരാനുള്ള താത്പര്യം കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതു കണക്കിലെടുത്ത കോടതി പെണ്‍കുട്ടിയെ തത്കാലം ഡല്‍ഹിയിലേക്കു മാറ്റേണ്ടതില്ലെന്ന് വ്യക്തമാക്കി. റായ്ബറേലി ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവനെ ഉടന്‍ തന്നെ ഡല്‍ഹി തിഹാര്‍ ജയിലിലേക്കു മാറ്റാന്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. കേസിലെ സാക്ഷിയായ ഇദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ, കോടതി നിര്‍ദേശപ്രകാരം ഇന്നലെ രാത്രി തന്നെ സിആര്‍പിഎഫ് ഏറ്റെടുത്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇന്നലെത്തന്നെ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറിയിട്ടുണ്ടെന്ന് യുപി സര്‍ക്കാരിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. 

പെണ്‍കുട്ടിയെ തിരിച്ചറിയുന്ന വിധത്തില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെ കോടതി വിലക്കി. പെണ്‍കുട്ടിയുടെ പഴയ വിഷ്വലുകള്‍ ചില ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തത്, അമിക്കസ് ക്യൂറി വി ഗിരി ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. അച്ചടി മാധ്യമങ്ങളോ ഇലക്ട്രോണിക് മീഡിയയോ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള ഒരുവിധ വിവരങ്ങളും നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com