ഭരണഘടന കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍; പുറത്തുപോകാന്‍ സഭാധ്യക്ഷന്റെ നിര്‍ദേശം, രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം 

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം
ഭരണഘടന കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍; പുറത്തുപോകാന്‍ സഭാധ്യക്ഷന്റെ നിര്‍ദേശം, രാജ്യസഭയില്‍ വന്‍ പ്രതിപക്ഷ പ്രതിഷേധം 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയില്‍ വച്ചിരിക്കുന്ന ഭരണഘടന കീറിക്കളയാന്‍ ശ്രമിച്ച രണ്ട് പിഡിപി അംഗങ്ങളോട് പുറത്തുപോകാന്‍ സഭാധ്യക്ഷന്‍ ആവശ്യപ്പെട്ടു. പിഡിപി അംഗമായ എം എം ഫയസ്, താന്‍ ധരിച്ചിരുന്ന കുര്‍ത്ത കീറി പ്രതിഷേധിച്ചു. അതേസമയം ഭരണഘടന കീറി കളയാനുളള പിഡിപി എംപിമാരുടെ നീക്കത്തെ കോണ്‍ഗ്രസ് അപലപിച്ചു.

കശ്മീരിനെ രണ്ടായി വിഭജിക്കാനും ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കാനുമുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. ജമ്മു കശ്മീരിനുളള പ്രത്യേക പദവികള്‍ നീക്കം ചെയ്യുന്നതിനുളള പ്രമേയം ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നതിനിടെ, പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. ഇതിനിടയിലും പ്രമേയ അവതരണവുമായി അമിത് ഷാ മുന്നോട്ടുപോകുകയായിരുന്നു. തുടര്‍ന്നായിരുന്നു പിഡിപി അംഗങ്ങള്‍ ഭരണഘടന കീറിയെറിയാന്‍ ശ്രമിച്ചത്. ബിജെപി ജനാധിപത്യത്തെ കുരുതികൊടുത്തു എന്ന് ആരോപിച്ച കോണ്‍ഗ്രസിന്റെ സഭാകക്ഷി നേതാവ് ഗുലാം നബി ആസാദ് ഭരണഘടന കീറിയെറിയാനുളള പിഡിപി അംഗങ്ങളുടെ നീക്കത്തെ അപലപിച്ചു. ഭരണഘടനയ്ക്ക് വേണ്ടി നിലകൊളളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ചൂണ്ടിക്കാണിച്ച് ഗുലാം നബി ആസാദ് പിഡിപി അംഗങ്ങള്‍ക്ക് നേരെ തിരിയുകയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ഏടായി ഇത് രേഖപ്പെടുത്തുമെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു.

സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുളള നിയമനിര്‍മ്മാണ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. 370-ാം വകുപ്പ് റദ്ദാക്കി കൊണ്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഒപ്പുവച്ച വിജ്ഞാപനം കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു.ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നതിനുളള ബില്ലാണ് അവതരിപ്പിച്ചത്. ജമ്മു കശ്മീര്‍ നിയമനിര്‍മ്മാണ സഭയുളള കേന്ദ്രഭരണപ്രദേശമായി മാറ്റുമെന്നതാണ് നിര്‍ദേശം. ലഡാക്കിന് കേന്ദ്രഭരണപ്രദേശം എന്ന പദവി നല്‍കുമെങ്കിലും നിയമനിര്‍മ്മാണ സഭ ഉണ്ടായിരിക്കില്ല.

മുന്നൂറ്റി എഴുപതാം അനുച്ഛേദം അനുസരിച്ച് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവികള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് വിജ്ഞാപനം. 370ാം അനിച്ഛേദം മൂന്നാം വകുപ്പു പ്രകാരമുള്ള അധികാരം അനുസരിച്ചാണ് രാഷ്ട്രപതി വിജ്ഞാപനം. അമിത് ഷായുടെ പ്രസ്താവനയെത്തുടര്‍ന്ന രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചു.

അംഗങ്ങളുടെ ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ താന്‍ തയാറാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെത്തുടര്‍ന്ന് അല്‍പ്പനേരം തടസപ്പെട്ടെങ്കിലും രാജ്യസഭയില്‍ നടപടികള്‍ തുടരുകയാണ്.

ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താണ് കേന്ദ്രഭരണപ്രദേശമാക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. ദുര്‍ഘടം പിടിച്ച മേഖലയായി കണക്കാക്കുന്ന ഇവിടം ജനസംഖ്യ കുറവാണ്. ഇവിടത്തെ ജനങ്ങളുടെ നീണ്ടകാലത്തെ ആവശ്യമാണ് കേന്ദ്രഭരണപ്രദേശമാക്കണമെന്നത്. ഇവരുടെ ആഗ്രഹം നിറവേറ്റുന്നതിന്റെ ഭാഗമായാണ് നിയമനിര്‍മ്മാണമെന്ന് അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com