സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം; കശ്മീരിലേക്കു കൂടുതല്‍ സേന, കരുതല്‍ നടപടി

പ്രത്യേക പദവി എടുത്തുകളഞ്ഞ്, കശ്മീരിനെ രണ്ടായി  വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നിര്‍ദേശം
സംസ്ഥാനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശം; കശ്മീരിലേക്കു കൂടുതല്‍ സേന, കരുതല്‍ നടപടി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ, അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പൊലീസും സുരക്ഷാ സേനയും പരമാവധി കരുതലോടെയിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ജമ്മു കശ്മീരില്‍നിന്നുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്രം ന ല്‍കിയ സന്ദേശത്തില്‍ പറയുന്നത്. കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കേന്ദ്രം പറയുന്നു.

പ്രത്യേക പദവി എടുത്തുകളഞ്ഞ്, കശ്മീരിനെ രണ്ടായി  വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നിര്‍ദേശം. രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ്, കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. ഇതോടെ ഇന്ത്യന്‍ ഭരണഘടന കശ്മീരില്‍ പൂര്‍ണമായും ബാധകമായി. കശ്മീരിലെ പ്രത്യേക നിയമങ്ങളെല്ലാം അസാധുവാകുകയും പാര്‍ലമെന്റ് പാസാക്കി എല്ലാ നിയമങ്ങളും കശ്മീരില്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.

370ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി ഉത്തരവു പുറപ്പെടുച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. ഇതിനൊപ്പം കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള ജമ്മു കശ്മീര്‍ പുനസംഘടനാ ബില്‍ ഷാ സഭയില്‍ അവതരിപ്പിച്ചു. ലഡാക്കിനെ നിയമ നിര്‍മാണ സഭയില്ലാത്ത കേന്ദ്ര ഭരണപ്രദേശമായും ജമ്മു കശ്മീരിനെ നിയമ നിര്‍മാണസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായും മാറ്റാനാണ് ബില്‍ നിര്‍ദേശിക്കുന്നത്. പ്രത്യേക സംസ്ഥാനമാവുകയെന്നത് ലഡാക്കിലെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു. 370ാം വകുപ്പു പ്രകാരമുള്ള പ്രത്യേക അധികാരമാണ് കശ്മീരിന്റെ എല്ലാ ദുരിതത്തിനും കാരണം. കശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന്ത ഈ വകുപ്പാണെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് ഷാ അഭിപ്രായപ്പെട്ടു. 

പ്രതിപക്ഷ പാര്‍ട്ടികള്‍ വന്‍ പ്രതിഷേധത്തോടെയാണ് ഷായുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ജനാധിപത്യം കൊല ചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയില്‍ ഭരണഘടന കീറിയെറിഞ്ഞ പിഡിപി അംഗങ്ങളെ സഭാധ്യക്ഷന്‍ പുറത്താക്കി.

അതേസമയം കേന്ദ്ര നടപടിക്കു പിന്തുണയുമായി ബിഎസ്പിയും വൈഎസ്ആര്‍ കോണ്‍ഗ്രസും രംഗത്തുവന്നു. എഐഎഡിഎംകെയുംബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. സഭയില്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും ആംആദ്മി പാര്‍ട്ടി ബില്ലിനെ പി്ന്തുണയ്ക്കുമെന്ന അരവിന്ദ ്‌കെജരിവാള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com