പാക് അധീന കശ്മീരും അക്‌സായി ചിന്നും ഇന്ത്യയുടേത്; നിലപാടു വ്യക്തമാക്കി അമിത് ഷാ

ജമ്മു കശ്മീരിനെക്കുറിച്ചു ഞാന്‍ സംസാരിക്കുമ്പോള്‍ പാക് അധീന കശ്മീരും അക്‌സായി ചിന്നും ഉള്‍പ്പെടെയുള്ള കശ്മീരിനെക്കുറിച്ചാണത്
കശ്മീര്‍ ബില്‍ അവതരിപ്പിച്ച് ലോക്‌സഭയില്‍ അമിത് ഷാ സംസാരിക്കുന്നു/ലോക്‌സഭാ ടിവി
കശ്മീര്‍ ബില്‍ അവതരിപ്പിച്ച് ലോക്‌സഭയില്‍ അമിത് ഷാ സംസാരിക്കുന്നു/ലോക്‌സഭാ ടിവി

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പാക് അധീന കശ്മീരും ചൈനയുടെ പക്കലുള്ള അക്‌സായി ചിന്നും ജമ്മു കശ്മീരിന്റെ ഭാഗമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കി. കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള പുനസംഘടനാ ബില്ലും പ്രത്യേകാവകാശം എടുത്തുകളഞ്ഞ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് അംഗീകരിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഷാ.

''ജമ്മു കശ്മീരിനെക്കുറിച്ചു ഞാന്‍ സംസാരിക്കുമ്പോള്‍ പാക് അധീന കശ്മീരും അക്‌സായി ചിന്നും ഉള്‍പ്പെടെയുള്ള കശ്മീരിനെക്കുറിച്ചാണത്'' - അമിത് ഷാ വ്യക്തമാക്കി. കശ്മീരി ജനതയുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടാണ്, കേന്ദ്ര സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടുപോവുന്നതെന്ന പ്രതിപക്ഷ ആരോപണം അമിത് ഷാ തള്ളി. കശ്മീര്‍ ബില്‍ അവതരണത്തില്‍നിന്നു തന്നെ തടയാന്‍ ആര്‍ക്കുമാവില്ലെന്ന് ഷാ പറഞ്ഞു.

കശ്മീര്‍ പുനസംഘടനാ ബില്ലിനെച്ചൊല്ലി ലോക്‌സഭയില്‍ അമിത് ഷായും കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാദപ്രതിവാദമുണ്ടായി. ബില്‍ അവതരിപ്പിക്കാന്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെയാണെന്നു മറുപടി പറഞ്ഞ അമിത് ഷാ, ഇന്ത്യന്‍ സംസ്ഥാനത്തെ യുഎന്‍ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനാണോ കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന മറുചോദ്യം ഉന്നയിച്ചു.

ബില്‍ അവതരണ വേളയില്‍ ഇടപെട്ടുകൊണ്ടായിരുന്നു അധീര്‍  രഞ്ജന്‍ ചൗധരിയുടെ ചോദ്യം. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നതെന്ന് ചൗധരി പറഞ്ഞു. എന്നാല്‍ 1948 മുതല്‍ കശ്മീരില്‍ യുഎന്‍ നിരീക്ഷണമുണ്ട്. അതെങ്ങനെയാണ് ആഭ്യന്തരകാര്യമാവുക? നമ്മള്‍ സിംല കരാരും ലഹോര്‍ പ്രഖ്യാപനത്തിലും ഒപ്പുവച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ കശ്മീര്‍ ആഭ്യന്തരകാര്യമാണോ അതോ ഉഭയകക്ഷി വിഷയമാണോ? അധീര്‍ രഞ്ജന്‍ ചോദിച്ചു.

കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് കുറച്ചു ദിവസം മുമ്പ് പറഞ്ഞത്. കശ്മീര്‍ ആഭ്യന്ത്രകാര്യമാണോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അധിര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു. കശ്മീര്‍ ബില്‍ കൊണ്ടുവരുമ്പോള്‍ പാക് അധീന കശ്മീരിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം തന്നെയെന്ന് അധീര്‍ രഞ്ജന്റെ ഇടപെടലിനോടു പ്രതികരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേതാണ്. കശ്മീരില്‍ ബാധകമാവുന്ന നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കശ്മീരിനെ യുഎന്‍ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനാണോ കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഈ പരാമര്‍ശത്തെച്ചൊല്ലി അല്‍പ്പനേരം സഭ ബഹളത്തില്‍ മുങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com