ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തക: ബിജെപിയുടെ ജനകീയ വനിതാ മുഖം

ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.
ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തക: ബിജെപിയുടെ ജനകീയ വനിതാ മുഖം

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ആദ്യ മോദി മന്ത്രിസഭയില്‍ ഏറ്റവും പേരെടുത്ത ജനകീയയായ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്.

എല്ലാവര്‍ക്കും ഒരു ട്വീറ്റ് അകലെയുണ്ടായിരുന്നു സുഷമയുടെ സഹായങ്ങള്‍. കശ്മീര്‍ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകമായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

ആദ്യ നരേന്ദ്രമോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു. നാല് ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.1996,1998,1999 വാജ്‌പേയ്, 2014 നരേന്ദ്രമോദി മന്ത്രിസഭകളിലായി വാര്‍ത്താ വിതരണ പ്രക്ഷേപണം, വാര്‍ത്താ വിനിമയം, ആരോഗ്യം കുടുംബക്ഷേമം, പാര്‍ലമെന്ററി കാര്യം, വിദേശകാര്യം, പ്രവാസികാര്യം വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 25ാം വയസില്‍ ക്യക്യാബിനെറ്റില്‍ എത്തിയ സുഷമ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. 

ഹരിയാന അംബാല കന്റോണ്‍മെന്റില്‍ 1952 ഫെബ്രവരി 14ന് ആയിരുന്നു ജനനം. നിയമബിരുദം നേടിയ അവര്‍ അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. 1977ല്‍ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായിരുന്നു. 1980ല്‍ ജനതാ പാര്‍ട്ടിയില്‍നിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതല്‍ സുഷമ പാര്‍ട്ടിയിലുണ്ട്.

1990ലാണ് രാജ്യസഭാംഗമാകുന്നത്. 1998ല്‍ ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയത് സൗത്ത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയില്‍ നിന്നായിരുന്നു ലോക്‌സഭാ വിജയം. 

രാജ്യത്ത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുന്‍ ഗവര്‍ണറും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭര്‍ത്താവ്.ഇവര്‍ രാജ്യസഭയില്‍ ഒരേ കാലത്ത് അംഗങ്ങളായിട്ടുണ്ട്. ബന്‍സൂരി ഏക പുത്രിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com