ഇന്ത്യയുടെ 'സൂപ്പര്‍മോം'; ജനപ്രിയ സുഷമ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th August 2019 06:49 AM |
Last Updated: 07th August 2019 06:49 AM | A+A A- |

ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഏറ്റവുമധികം ഉറ്റുനോക്കിയ പദവികളിലൊന്നായിരുന്നു വിദേശകാര്യ മന്ത്രിയുടേത്. അദ്വാനി വിഭാഗത്തില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തിയ സുഷമയ്ക്ക് വിദേശമന്ത്രിയായി എത്രത്തോളം ശോഭിക്കാന്‍ കഴിയുമെന്ന് പലരും സംശയിച്ചിരുന്നു. എന്നാല്‍ പ്രവചനങ്ങളെ അതിജീവിച്ച് വിദേശകാര്യമന്ത്രാലയത്തില്‍ ഏറ്റവും തിളങ്ങിയ മന്ത്രിമാരില്‍ ഒരാളായി മാറുകയായിരുന്നു സുഷമ. കഴിഞ്ഞ മോദി മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി എന്ന് പേരെടുത്താണ് സുഷമ സ്ഥാനമൊഴിഞ്ഞത്.
ഇന്ദിരാ ഗാന്ധിക്ക് ശേഷം വിദേശമന്ത്രാലയത്തിന്റെ ചുമതല വഹിച്ച രണ്ടാമത്തെ വനിത. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇന്ത്യയുടെ 'സൂപ്പര്‍മോം' എന്ന് വിശേഷണം നേടിയെടുത്ത സുഷമ പ്രായഭേദമെന്യേ എല്ലാവരിലേക്കും സഹായം എത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്ന നേതാവാണ്. യുദ്ധകലുഷിതമായ സാഹചര്യങ്ങളെ അതിജീവിച്ച് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതു മുതല്‍ പാസ്‌പ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനുള്ള സഹായങ്ങള്‍ വരെ ചെയ്തുനല്‍കി ചെറുതും വലുതുമായ സേവനങ്ങള്‍ നിര്‍വ്വഹിച്ചു.
പ്രവാസികളായ ഇന്ത്യക്കാരുടെ എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് വിദേശകാര്യമന്ത്രാലയത്തിന് ഒരു മാനുഷിക മുഖം സമ്മാനിക്കുകയായിരുന്നു സുഷമ. സൗദി അറേബ്യയില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ നേരിട്ട ഭക്ഷ്യ പ്രതിസന്ധിയിലും യമനിലെ ആഭ്യന്തര കലാപ നാളുകളില്‍ അവിടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനത്തിലുമെല്ലാം സുഷമ കാര്യമായ ഇടപെടല്‍ നടത്തിയിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പാക്ക് പൗരന്‍ വിവാഹം ചെയ്തതിനെത്തുടര്‍ന്നു തടവിലായ ഇന്ത്യക്കാരി ഉസ്മ അഹമ്മദ്ദിനെ തിരിച്ചെത്തിച്ചതിന് പിന്നിലും സുഷമയുടെ കരങ്ങളുണ്ട്. ഇറാഖില്‍ കുടുങ്ങിയ മലയാളി നേഴ്‌സുമാര്‍ വീടുകളില്‍ മടങ്ങിയെത്തിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച സുഷമയെയും വിസ്മരിക്കാനാകില്ല.
പല വിഷയങ്ങളിലും മാനുഷിക പരിഗണനയോടെ പെരുമാറിയിരുന്ന സുഷമക്ക് വലിയ ജനപിന്തുണ തന്നെയാണ് നേടിയെടുക്കാനായത്. സാമൂഹ്യ മാധ്യമമായ ട്വിറ്ററിന്റെ സാധ്യതകള്‍ ഭരണനിര്‍വഹണത്തിലും സാമൂഹ്യസേവനത്തിനും ഇത്രയധികം ഉപയോഗപ്പെടുത്തിയ മറ്റൊരു മന്ത്രി ഒന്നാം മോദി സര്‍ക്കാരില്‍ വേറെയുണ്ടാകില്ല. ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെങ്കിലും മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സുഷമ ഇട്ട ട്വീറ്റിന് മറുപടിയെന്നോണം നിരവധി റീട്വീറ്റുകളാണ് നിറഞ്ഞത്. ആരോഗ്യ കാരണങ്ങളാല്‍ സ്വയം പിന്മാറിയപ്പോള്‍ ഇന്ത്യക്കാര്‍ ഏറ്റവും നിരാശരായത് സുഷമ സ്വരാജ് എന്ന അറുപത്തിയേഴുകാരിയുടെ അസാന്നിധ്യം ഓര്‍ത്തായിരുന്നു.