ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യം, ഒരാളും ഇടപെടേണ്ടതില്ല; പാകിസ്ഥാനു മറുപടിയുമായി വിദേശകാര്യ മന്ത്രാലയം

ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യം, ഒരാളും ഇടപെടേണ്ടതില്ല; പാകിസ്ഥാനു മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
ജമ്മുവിലെ നിരത്തുകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍/എഎന്‍ഐ, ട്വിറ്റര്‍
ജമ്മുവിലെ നിരത്തുകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍/എഎന്‍ഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 370ാം അനുച്ഛേദ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ ശ്രമം വിജയിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം നിലനില്‍ക്കുന്ന കാര്യങ്ങള്‍ പാകിസ്ഥാന്‍ ഏകപക്ഷീയമായ നടപടികള്‍ എടുത്തതായ വാര്‍ത്തകള്‍ കണ്ടു. നയതന്ത്ര ബന്ധം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചതായാണ് അറിയുന്നത്. ഇത് അവര്‍ പിന്‍വലിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

കശ്മീരിന്റെ വികസനത്തെ ലക്ഷ്യമാക്കി ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ക്ക് പാകിസ്ഥാനില്‍ തെറ്റായ പ്രതികരണമുണ്ടാക്കുന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമല്ല. കശ്മീരികള്‍ക്കു സ്വീകാര്യതയുള്ള ഇത്തരം കാര്യങ്ങളെ തടസപ്പെടുത്തി അതിനെ ഭീകരവാദത്തെ ന്യായീകരിക്കുന്നതിനുള്ള മറയാക്കി ഉപയോഗിക്കുകയാണ് അവര്‍ ചെയ്തുവരുന്നത്. 

ഭരണഘടന ഇന്ത്യയുടെ പരമാധികാരത്തില്‍ വരുന്ന കാര്യമാണ്, അത് അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. അതില്‍ ഇടപെടാനുള്ള പാക് ശ്രമം വിജയിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

കശ്മീരില്‍ സ്വീകരിച്ച നടപടികളുടെ പേരില്‍ പാകിസ്ഥാന്‍ ഇന്നലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെ പുറത്താക്കിയിരുന്നു. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുമെന്നും പ്രഖ്യാപനമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com