ഇന്ത്യന്‍ ഭരണഘടനാ ഭേദഗതി യുഎന്‍ സ്‌റ്റേ ചെയ്യുമോ? കശ്മീര്‍ ഹര്‍ജി  അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിം കോടതി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള പ്രസിഡന്‍ഷ്യല്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി നിരസിച്ചു
ഇന്ത്യന്‍ ഭരണഘടനാ ഭേദഗതി യുഎന്‍ സ്‌റ്റേ ചെയ്യുമോ? കശ്മീര്‍ ഹര്‍ജി  അടിയന്തരമായി കേള്‍ക്കില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി; ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള പ്രസിഡന്‍ഷ്യല്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി നിരസിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് എന്‍വി രമണയും എസ്എ ബോബ്‌ഡെയും അടങ്ങിയ ബെഞ്ച് തീരുമാനിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അയോധ്യാ കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ആയതിനാലാണ് എന്‍വി രമണയുടെ ബെഞ്ചില്‍ ഹര്‍ജി മെന്‍ഷന്‍ ചെയ്തത്. അഡ്വ. എംഎല്‍ ശര്‍മയാണ് ഹര്‍ജിയുമായി സുപ്രിം കോടതിയില്‍ എത്തിയത്. 

കശ്മീര്‍ വിഷയം യുഎന്‍ പരിഗണിച്ചേക്കുമെന്നും അതുവഴി ഇന്ത്യയ്ക്കു നഷ്ടം സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ശര്‍മ ഹര്‍ജി നല്‍കിയത്. ഇന്ത്യയുടെ ഭരണഘടനാ ഭേദഗതി ഐക്യരാഷ്ട്ര സഭയ്ക്കു സ്റ്റേ ചെയ്യാനാവുമോയെന്ന് ജസ്റ്റിസ് രമണ ചോദിച്ചു. പിഴവു പരിഹരിച്ചു ഹര്‍ജി വീണ്ടും സമര്‍പ്പക്കാന്‍ കോടതി നിര്‍ദേശിച്ചു. 

കശ്മീരിലെ കര്‍ഫ്യൂ നീക്കണമെന്ന് ആവശ്യപ്പെട്ട് തെഹ്‌സിന്‍ പൂനാവാല നല്‍കിയ ഹര്‍ജിയും അടിയന്തരമായി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. നേതാക്കളെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന ആക്ഷേപം ഉള്‍ക്കൊള്ളുന്ന ഹര്‍ജി ചീഫ് ജസ്റ്റസിന്റെ ശ്രദ്ധയില്‍ പെടുത്താമെന്ന് ജസ്റ്റിസ് രമണ ഹര്‍ജിക്കാരനെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com