കശ്മീരികളോടു കുശലം, തട്ടുകടയില്‍നിന്നു ഭക്ഷണം; 'താര'മായി അജിത് ഡോവല്‍ (വിഡിയോ)

ഇന്നലെയാണ് അദ്ദേഹം കശ്മീര്‍ താഴ് വരയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്
കശ്മീരികളോടു കുശലം, തട്ടുകടയില്‍നിന്നു ഭക്ഷണം; 'താര'മായി അജിത് ഡോവല്‍ (വിഡിയോ)

ജമ്മു; ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ സന്ദര്‍ശിച്ച് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. ഇന്നലെയാണ് അദ്ദേഹം കശ്മീര്‍ താഴ് വരയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു സന്ദര്‍ശനം. നാട്ടുകാരുമായി സംസാരിക്കുകയും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതിന് ശേഷമാണ് ഡോവല്‍ മടങ്ങിയത്. 

അടച്ചിട്ട കടകള്‍ക്ക് മുന്നിലൂടെ ഡിജിപി ദില്‍ബാഗ് സിങ്ങിനൊപ്പം നടന്ന അദ്ദേഹം നാട്ടുകാരുമായും പൊലീസുകാരുമായും സംസാരിച്ചു. തുടര്‍ന്ന് വഴിയോരക്കടയില്‍ നിന്ന് അദ്ദേഹം ഭക്ഷണം വാങ്ങിക്കഴിച്ചു. നാട്ടുകാര്‍ക്കൊപ്പം നിന്നാണ് അദ്ദേഹം ഭക്ഷണം കഴിച്ചത്. ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിങ്ങളുടെ നല്ലതിനുവേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും വ്യക്തമാക്കി. എല്ലാ ശരിയാകും. എല്ലാവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കും. നിങ്ങളുടെ മക്കളും അവരുടെ മക്കളും ഈ താഴ് വരയില്‍ താമസിക്കും. നിങ്ങളുടെ സുരക്ഷയും നല്ലതുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.' ഡോവല്‍ പറഞ്ഞു. 

അജിത്ത് ഡോവല്‍ മടങ്ങിയതിന് പിന്നാലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടു. കശ്മീര്‍ സാധാരണ നിലയിലാണെന്നാണ് വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരിലെ നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com