കശ്മീരില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് കരണ്‍സിങ്ങും; കണ്ണുംപൂട്ടി എതിര്‍ക്കേണ്ടതില്ല

കശ്മീരിനെ ചൊല്ലി കോണ്‍ഗ്രസിനുളളിലെ ഭിന്നത വീണ്ടും പ്രകടമാക്കി പ്രമുഖ നേതാവ് കരണ്‍സിങ്ങിന്റെ പ്രസ്താവന
കശ്മീരില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് കരണ്‍സിങ്ങും; കണ്ണുംപൂട്ടി എതിര്‍ക്കേണ്ടതില്ല

ന്യൂഡല്‍ഹി: കശ്മീരിനെ ചൊല്ലി കോണ്‍ഗ്രസിനുളളിലെ ഭിന്നത വീണ്ടും പ്രകടമാക്കി പ്രമുഖ നേതാവ് കരണ്‍സിങ്ങിന്റെ പ്രസ്താവന. കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിങ് കശ്മീരിനെ പുനഃസംഘടിപ്പിച്ചത് ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. കഴിഞ്ഞ ദിവസം ജ്യോതിരാദിത്യ സിന്ധ്യ, ജനാര്‍ദന്‍ ത്രിവേദി ഉള്‍പ്പെടെയുളള നേതാക്കളും കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ കണ്ണുംപൂട്ടി എതിര്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയുകയില്ലെന്ന് കരണ്‍സിങ് പറഞ്ഞു.കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി കൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറത്തിറക്കിയതിലും ജമ്മുകശ്മീരിനെ പുനഃസംഘടിപ്പിക്കുന്ന ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിലും നിരവധി നല്ല വശങ്ങളുണ്ടെന്ന് കരണ്‍സിങ് പ്രസ്താവനയില്‍ പറഞ്ഞു.

ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയതിനെ കരണ്‍സിങ് സ്വാഗതം ചെയ്തു. എങ്കിലും കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എയിലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെയും കരണ്‍സിങ് സ്വാഗതം ചെയ്തു.ലിംഗപരമായ അസമത്വം പരിഹരിക്കാന്‍ ഇത് സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം കശ്മീരിലെ മുഖ്യപാര്‍ട്ടികളായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും നാഷണല്‍ കോണ്‍ഫറന്‍സിനെയും ദേശവിരുദ്ധരെന്ന് വിളിക്കുന്നതിനെ കരണ്‍സിങ് പ്രസ്താവനയില്‍ എതിര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com