രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയെന്ന് സിപിഐ ; ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് ആവശ്യം

ഒരു തെരഞ്ഞെടുപ്പിനു പകരം, രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലെ കാലയളവുകൾ പദവിക്കായി പരിഗണിക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസ്
രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയെന്ന് സിപിഐ ; ദേശീയപാർട്ടി പദവി നിലനിർത്തണമെന്ന് ആവശ്യം

ന്യൂഡൽഹി:  ദേശീയപാർട്ടി പദവി എടുത്തുകളയരുതെന്ന് ആവശ്യപ്പെട്ട് സിപിഐയും തൃണമൂൽ കോൺ​ഗ്രസും. തെര‍ഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിശദീകരണത്തിലാണ് ഇരുപാർട്ടികളും ഈ ആവശ്യം മുന്നോട്ടുവെച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ പാർട്ടികളുടെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ പദവി നഷ്ടപ്പെടാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ കമ്മിഷൻ നോട്ടീസയച്ചിരുന്നു.

രാജ്യത്തെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടിയാണ് തങ്ങളുടേതെന്ന് കമ്മിഷൻ മുമ്പാകെ സിപിഐ വാദിച്ചു. പാർട്ടിയുടെ ചരിത്രവും സ്വാതന്ത്ര്യസമരകാലം മുതൽക്കുള്ള പാരമ്പര്യവും പാർട്ടി വിശദീകരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും തങ്ങൾക്കു സാന്നിധ്യമുണ്ട്. ചുരുങ്ങിയതു നാലു സംസ്ഥാനങ്ങളിൽ നിന്നായി ആറു ശതമാനം വോട്ടു നേടിയിരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെങ്കിലും മൂന്നു സംസ്ഥാനങ്ങളിൽ അതുണ്ടെന്നും സിപിഐ അറിയിച്ചു. മറുപടി കമ്മിഷൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. 

2016ൽ മാത്രമേ തങ്ങൾക്കു ദേശീയപാർട്ടി പദവി നൽകിയിട്ടുള്ളൂവെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ പദവിയിൽ തുടരാൻ അനുവദിക്കണം. ഒരു തെരഞ്ഞെടുപ്പിനു പകരം, രണ്ടു പൊതുതെരഞ്ഞെടുപ്പുകളിലെ കാലയളവുകൾ പാർട്ടി പദവിക്കായി പരിഗണിക്കണമെന്നും തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

എൻസിപിയും കമ്മിഷനു മുമ്പാകെ വിശദീകരണം നൽകിയെന്നാണ് സൂചന. കുറഞ്ഞതു നാലു സംസ്ഥാനങ്ങളിൽ ആറു ശതമാനം വോട്ടോ ലോക്‌സഭയിൽ രണ്ടു ശതമാനം സീറ്റോ എന്നാണ് ദേശീയപാർട്ടി പദവിക്കുള്ള ഒരു വ്യവസ്ഥ. ഇല്ലെങ്കിൽ നാലു സംസ്ഥാനങ്ങളിലെങ്കിലും സംസ്ഥാന പാർട്ടി പദവിയുണ്ടായിരിക്കണം. സിപിഐ, തൃണമൂൽ, എൻസിപി പാർട്ടികളുടെ പദവി റദ്ദാക്കാൻ കമ്മിഷൻ തീരുമാനിച്ചാൽ ബി.ജെ.പി, കോൺഗ്രസ്, സി.പി.എം, ബി.എസ്.പി, നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവ മാത്രമായിരിക്കും ദേശീയപദവിയുള്ള പാർട്ടികൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com