കോണ്‍ഗ്രസ് നായകനെ ഇന്നറിയാം ; നേതൃത്വത്തിലേക്ക് അപ്രതീക്ഷിത നേതാവ് ? 

പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി
കോണ്‍ഗ്രസ് നായകനെ ഇന്നറിയാം ; നേതൃത്വത്തിലേക്ക് അപ്രതീക്ഷിത നേതാവ് ? 

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. പാര്‍ട്ടി ആസ്ഥാനത്ത് 11 മണിക്കാണ് യോഗം ആരംഭിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുകയാണു ലക്ഷ്യം. പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി.

പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകസമിതിയിലെ കോണ്‍ഗ്രസ് നേതാക്കളെ അഞ്ചു ഗ്രൂപ്പുകളായി തിരിക്കും. തുടര്‍ന്ന് ചര്‍ച്ച നടക്കും. സംസ്ഥാന അധ്യക്ഷന്മാരുടെയും കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാക്കളുടെയും അഭിപ്രായവും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി ആരായും. 

സ്ഥിരം പ്രസിഡന്റിനെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും വരെയാകും ഇടക്കാല പ്രസിഡന്റിനെ നിയമിക്കുക. നിയമനത്തിന് അംഗീകാരം നല്‍കാന്‍ പിന്നീട് എഐസിസി സമ്മേളനം ചേരും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരുടെയും യുവ നേതാക്കളായ സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളുമാണ് ഉയര്‍ന്നു കേട്ടിരുന്നത്. 

എന്നാല്‍ പുതുതായി മറ്റൊരു പേര് സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഇടക്കാല പ്രസിഡന്റ് ആകുമെന്നാണ് അഭ്യൂഹം ശക്തമായത്. സോണിയ ഗാന്ധിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ മുതിര്‍ന്ന നേതാക്കള്‍ വാസ്‌നിക്കിന്റെ പേരു നിര്‍ദേശിച്ചതായാണു സൂചന. ദലിത് വിഭാഗക്കാരനാണ് എന്നതും, നേതൃനിരയിലെ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ പൊതുസ്വീകാര്യനാണ് എന്നതും വാസ്‌നിക്കിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com