പ്രളയത്തില്‍ തകര്‍ന്ന് കുടക്; ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, നിരവധി നാശനഷ്ടങ്ങളും

800 വീടുകളില്‍ വെള്ളം കയറി, ഇതില്‍ മുന്നൂറിലധികം വീടുകള്‍ മലയാളികളുടെതാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കുടക്: കേരളത്തിലെ വടക്കന്‍ ജില്ലകളെ ഒന്നടങ്കം പ്രളയം വിഴുങ്ങിയ അവസ്ഥയാണ്. ഇതിനിടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശമായ കുടകിലും പ്രളയനാശനഷ്ടങ്ങള്‍. കുടക് ജില്ലയില്‍ രണ്ടിടത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് കുടുംബങ്ങളിലായി ഏഴു പേര്‍ മരിച്ചു. ഒരാളെ കാണാതായി. ദക്ഷിണ കുടക് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.

പ്രദേശത്തെ നൂറോളം വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. 800 വീടുകളില്‍ വെള്ളം കയറി, ഇതില്‍ മുന്നൂറിലധികം വീടുകള്‍ മലയാളികളുടെതാണ്. വിരാജ്‌പേട്ട തോറയില്‍ മലയിടിച്ചലില്‍ അമ്മയും മകളും മരിച്ചപ്പോള്‍ മടിക്കേരി ബാഗ മണ്ഡലയില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഒരാളെ കാണാതായി. 

ബാഗമണ്ടലെ അപകടത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ വീട്ടിനുള്ളിലുണ്ടായിരുന്ന ബാലകൃഷ്ണന്‍, ഉദയ, യശ്വന്ത്, യമുന എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാളെ കണ്ടെത്താനുണ്ട്. തോറയില്‍ മമത (45), മകള്‍ ലിഖിത (14) എന്നിവരാണ് മരിച്ചത്.

സിദ്ധാപുരം കരടിഗോഡു, കൊണ്ട ഗേരി, ഗോണിഗോപാല്‍, നെല്ലിയാഹുതിക്കേരി, കൂടുഗദ്ദേ, ഗുയ്യാ എന്നീ പ്രദേശങ്ങളാണ് പ്രളയത്തില്‍ അകപ്പെട്ടത്. കനത്ത മഴയില്‍ കാവേരി, ലക്ഷ്മണതീര്‍ത്ത, മാറാപ്പോളെ എന്നീ നദികള്‍ കരകവിഞ്ഞ് ഒഴുകിയതും കുടകിന് വിനയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com