'അമിത് ഷായും മോദിയും കൃഷ്ണനേയും അര്‍ജുനനേയും പോലെ'; രജനീകാന്ത് (വീഡിയോ)

ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്
'അമിത് ഷായും മോദിയും കൃഷ്ണനേയും അര്‍ജുനനേയും പോലെ'; രജനീകാന്ത് (വീഡിയോ)

ചെന്നൈ: ആര്‍ട്ടിക്കിള്‍ 370 ഒഴിവാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷ്ണനേയും അര്‍ജുനനേയും പോലെയാണെന്നും രജനീകാന്ത് ഉപമിച്ചു. മിഷന്‍ കശ്മീരിന് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍ നല്‍കുന്നതായും രജനീകാന്ത് വ്യക്തമാക്കി. 

'കശ്മീരിൽ 370 എടുത്ത കളഞ്ഞ അമിത് ഷായുടെ നടപടിയും അത് സംബന്ധിച്ച് അദ്ദേഹം പാർലമെന്റിൽ നടത്തിയ പ്രസം​ഗവും അതിശയിപ്പിക്കുന്നതായിരുന്നു.  അമിത് ഷായും മോദിയും കൃഷ്ണനേയും അര്‍ജുനനേയും പോലെയാണ്. ആരാണ് കൃഷ്ണന്‍ ആരാണ് അര്‍ജുനന്‍ എന്ന് നമുക്കറിയില്ല. അത് അവര്‍ക്ക് മാത്രം അറിയുന്ന കാര്യമാണ്. നിങ്ങള്‍ക്ക് നല്ലത് വരട്ടെ. നിങ്ങളിലൂടെ രാജ്യത്തിനും നല്ലത് വരുമെന്ന് പ്രതീക്ഷിക്കുന്നു'- രജനി പറഞ്ഞു. 

ഉപരാഷ്ട്രപതിയായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വെങ്കയ്യ നായിഡുവിന്റെ 'ലിസണിങ്, ലേണിങ് ആൻഡ് ലീഡിങ്' എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയില്‍ വച്ചായിരുന്നു രജനീകാന്തിന്റെ പരാമര്‍ശം. അമിത് ഷായും അപ്പോള്‍ വേദിയിലുണ്ടായിരുന്നു.

വെങ്കയ്യ നായിഡുവിനേയും അദ്ദേഹം അഭിനന്ദിച്ചു. ആത്മീയ ജീവിതം നയിക്കുന്ന ആളാണ് വെങ്കയ്യ നായിഡുവെന്നും അപ്രതീക്ഷിതമായാണ് അദ്ദേഹം രാഷ്ട്രീയക്കാരനായതെന്നും രജനി വ്യക്തമാക്കി. ജനക്ഷേമം മുന്‍നിര്‍ത്തിയാണ് വെങ്കയ്യ നായിഡു പ്രവര്‍ത്തിക്കാറുള്ളതെന്നും രജനി കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ അമിത് ഷായെ കൂടാതെ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി പളനി സ്വാമി, ഉപ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരും പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com