ജനം പ്രളയക്കെടുതിയില്‍ ; സെല്‍ഫിയെടുത്ത് രസിച്ച് മന്ത്രി ; വിവാദം ; സാഹസിക രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

നൂറുകണക്കിന് ആളുകള്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ മന്ത്രി ബോട്ട് യാത്ര ആസ്വദിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം
ജനം പ്രളയക്കെടുതിയില്‍ ; സെല്‍ഫിയെടുത്ത് രസിച്ച് മന്ത്രി ; വിവാദം ; സാഹസിക രക്ഷാപ്രവര്‍ത്തനം ( വീഡിയോ)

മുംബൈ : ജനം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ ബോട്ടിലിരുന്ന് സെല്‍ഫിയെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് മന്ത്രി. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.  മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി ഗിരീഷ് മഹാജനാണ് സെല്‍ഫി പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചത്. 

മഹാരാഷ്ട്രയില്‍ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച സാംഗ്ലി ജില്ലയില്‍ വെച്ചാണ് ഗിരീഷ് മഹാജന്‍ സെല്‍ഫിയും വീഡിയോയുമെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇത് ദേശീയമാധ്യമങ്ങളിലടക്കം വാര്‍ത്തയാകുകയും ചെയ്തു. സെല്‍ഫിക്കെതിരെ അതിരൂക്ഷവിമര്‍ശനമാണ് ഗിരീഷ് മഹാജന് നേര്‍ക്കുണ്ടായത്. 

നൂറുകണക്കിന് ആളുകള്‍ ജീവനും സ്വത്തും നഷ്ടപ്പെട്ട് നില്‍ക്കുമ്പോള്‍ മന്ത്രി ബോട്ട് യാത്ര ആസ്വദിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സെല്‍ഫിയെടുത്ത് രസിച്ച മന്ത്രിക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നും ചിലര്‍ പറഞ്ഞു. വെള്ളിയാഴ്ച മാത്രം പ്രളയത്തെ തുടര്‍ന്ന് ഒന്‍പത് പേരാണ് സാംഗ്ലിയില്‍ മരിച്ചത്. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മന്ത്രിയുടെ സെല്‍ഫി ബിജെപിയെയും പ്രതിരോധത്തിലാക്കി. 

സംഭവം വിവാദമായതോടെ വിമര്‍ശനങ്ങള്‍ തണുപ്പിക്കാനായി മന്ത്രി പുഴയില്‍ നീന്തി സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തുന്ന വീഡിയോ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകരോടൊപ്പം കഴുത്തൊപ്പം വെള്ളത്തില്‍ നീന്തുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ഇങ്ങനെയാണ് ബിജെപി എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതെന്നായിരുന്നു അടിക്കുറിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com