രാഹുല്‍ തന്നെ വേണമെന്ന് കേരളം ; പറ്റില്ലെന്ന് ക്ഷുഭിതനായി രാഹുല്‍ ; മകനോട് സമ്മതം ചോദിച്ച് സോണിയ, അത്യന്തം നാടകീയം

സ്ഥിരം പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു സോണിയ നേതൃത്വം നല്‍കും
സോണിയയും രാഹുലും യോഗത്തില്‍
സോണിയയും രാഹുലും യോഗത്തില്‍

ന്യൂഡല്‍ഹി : രാഹുല്‍ഗാന്ധി അധ്യക്ഷപദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് നേതൃത്വമില്ലാതെ പകച്ചുനിന്ന കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവിയിലേക്ക് സോണിയഗാന്ധി വീണ്ടും തിരിച്ചെത്തിയത് അതിനാടകീയമായി. പ്രത്യേകിച്ചും നെഹ്‌റു കുടുംബത്തില്‍ നിന്നും പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്ന സാഹചര്യത്തില്‍. രാഹുലിന്റെ നിലപാടിനെ തുടര്‍ന്ന് സഹോദരി പ്രിയങ്ക ഗാന്ധിയും പ്രസിഡന്റ് പദവിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മാറിനിന്നു. 

നേതാക്കള്‍ക്കിടയില്‍ അഭിപ്രായസമന്വയം ഉണ്ടാകാതെ വരികയും, പുതിയൊരാള്‍ വന്നാല്‍ പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന ആശങ്കയ്ക്കിടെയാണ്, ഉത്തരവാദിത്തം മകനെ ഏല്‍പിച്ച് അണിയറയിലേയ്ക്കു മാറിയ സോണിയ വീണ്ടും പാര്‍ട്ടിയുടെ അമരത്തേക്ക് വരുന്നത്. സ്ഥിരം പ്രസിഡന്റിനെ കണ്ടെത്തുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പിനു സോണിയ നേതൃത്വം നല്‍കും. 

പുതിയ പ്രസിഡന്റിനെ കണ്ടെത്താനായി രാവിലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം തീരുമാനമാകാതെ ഒരു മണിക്കൂറില്‍ പിരിഞ്ഞു. പിന്നീട് സംസ്ഥാനങ്ങളെ അഞ്ച് മേഖലകളായി  തിരിച്ചു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും കേരളമടക്കം രാഹുല്‍ അല്ലാതെ മറ്റാരും വേണ്ടെന്ന് ഉറച്ച നിലപാടെടുത്തു. നേതാക്കളുടെ ആവശ്യത്തില്‍ രാഹുല്‍ ക്ഷുഭിതനായി. ുറത്തുനിന്ന് ആരെയും കണ്ടെത്താനാകുന്നില്ലേയെന്ന് ചോദിച്ചു. 

സംസ്ഥാനങ്ങളുമായുള്ള യോഗത്തില്‍ നിന്ന് സോണിയയും രാഹുലും വിട്ടു നിന്നു. രാത്രി എട്ടിനു വീണ്ടും യോഗം ചേര്‍ന്നെങ്കിലും രാഹുല്‍ എത്തിയില്ല. രാഹുല്‍ പ്രസിഡന്റ് പദവിയില്‍ തുടരണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാന്‍ യോഗം തീരുമാനിച്ചു. ഇക്കാര്യം രാഹുലിനെ അറിയിച്ചപ്പോള്‍, പ്രമേയം അംഗീകരിക്കില്ലെന്ന് രാഹുല്‍ അറിയിച്ചു. രാഹുലിന്റെ പ്രതികരണം പ്രിയങ്ക യോഗത്തെ അറിയിച്ചു.

പിന്നാലെ, സോണിയ ഇടക്കാല പ്രസിഡന്റാകണമെന്ന പ്രമേയം പാസാക്കി. പിന്‍ഗാമിയായി നെഹ്‌റു കുടുംബത്തില്‍ നിന്നാരും വേണ്ടെന്ന് രാഹുല്‍ പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തോടു ചോദിക്കാതെ തീരുമാനം എടുക്കാനാവില്ലെന്ന് സോണിയ അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയ്‌ക്കൊപ്പം മുറിക്കു പുറത്തിറങ്ങിയ സോണിയ രാഹുലിനെ ഫോണില്‍ വിളിച്ചു. യോഗത്തിലെ സ്ഥിതിഗതികള്‍ വിവരിച്ചു. ഒടുവില്‍ രാഹുല്‍ സമ്മതം മൂളുകയായിരുന്നു. 

തിരികെയെത്തിയ സോണിയ തല്‍ക്കാലത്തേക്ക് അധ്യക്ഷപദം താന്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി. പിന്നാലെ രാഹുലും യോഗത്തിനെത്തി. രാത്രി പത്തരയോടെ യോഗം അവസാനിക്കും മുന്‍പു പുറത്തിറങ്ങിയ രാഹുല്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തിയെങ്കിലും പ്രസിഡന്റ് വിഷയത്തില്‍ മൗനം പാലിച്ചു. ഗുലാം നബി ആസാദും കെ സി വേണുഗോപാലുമാണ് സോണിയ ഇടക്കാല പ്രസിഡന്റാകുമെന്ന കാര്യം പ്രഖ്യാപിച്ചത്. 

1998 മാര്‍ച്ചില്‍ ആദ്യം പ്രസിഡന്റായ സോണിയ 2 തവണ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സഖ്യകക്ഷികളുമായി ഊഷ്മള ബന്ധം നിലനിര്‍ത്തുന്നതില്‍ സോണിയക്കുള്ള മികവ് നിലവില്‍ പാര്‍ട്ടിക്ക് ആവശ്യമാണെന്നും പ്രവര്‍ത്തകസമിതി യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com