ഇവിടെ ദുരിതാശ്വാസ ക്യാംപും ജാതി തിരിച്ച്; മേല്‍ജാതിക്കാരുടെ ക്യാംപില്‍ പട്ടിക വിഭാഗങ്ങളെ കയറ്റില്ല

ഇവിടെ ദുരിതാശ്വാസ ക്യാംപും ജാതി തിരിച്ച്; മേല്‍ജാതിക്കാരുടെ ക്യാംപില്‍ പട്ടിക വിഭാഗങ്ങളെ കയറ്റില്ല
ഇവിടെ ദുരിതാശ്വാസ ക്യാംപും ജാതി തിരിച്ച്; മേല്‍ജാതിക്കാരുടെ ക്യാംപില്‍ പട്ടിക വിഭാഗങ്ങളെ കയറ്റില്ല

ബഗാല്‍ക്കോട്ട്: പ്രളയക്കെടുതിയില്‍ വലയുന്ന കര്‍ണാടകയില്‍ ദുരിതാശ്വാസ ക്യാംപുകളും ജാതി തിരിച്ച്. ബഗാല്‍ക്കോട്ട് ജില്ലയിലെ കതാര്‍ക്കിയില്‍ മേല്‍ജാതിക്കാര്‍ക്കുള്ള ക്യാംപുകളില്‍ പട്ടിക വിഭാഗക്കാരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബഗാല്‍ക്കോട്ടില്‍നിന്നുള്ള 35 കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണ് കതാര്‍ക്കി. ഗ്രാമത്തില്‍ ആകെ അയ്യായിരത്തിലേറെ ആളുകളാണുള്ളത്. ഇതില്‍ അഞ്ഞൂറോളം പേരാണ് പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ളത്. ശേഷിച്ചത് മേല്‍ജാതിക്കാരാണ്.

ഘടപ്രഭ നദി കരകവിഞ്ഞതോടെയാണ് കതാര്‍ക്കി വെള്ളത്തിലായത്. ഇവിടെ മൂന്നു ക്യാംപുകളാണ് ഉള്ളതെന്ന്, പേരു വെളിപ്പെടുത്താത്ത ജനപ്രതിനിധികളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നാമത്തെ ക്യാംപ് മേല്‍ജാതിക്കാര്‍ക്കു വേണ്ടിയുള്ളതാണ്. എസ് സി, എസ്ടിക്കാര്‍ക്കു വേണ്ടിയുള്ളതാണ് രണ്ടാമത്തെ ക്യാംപ്. മറ്റു വിഭാഗങ്ങള്‍ക്കായി ഒരു ക്യാംപ് കൂടിയൂണ്ട്. 

തങ്ങളുടെ ക്യാംപുകളില്‍ കീഴ് ജാതിക്കാരെ അനുവദിക്കാന്‍ ഉയര്‍ന്ന വിഭാഗങ്ങള്‍ തയാറാവുന്നില്ല. ഇതിനാലാണ് ഇവര്‍ക്കായി പ്രത്യേക ക്യാംപ് വേണ്ടിവന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേല്‍ജാതിക്കാര്‍ക്കുള്ള ക്യാംപില്‍ ആയിരത്തോളം പേരുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കുള്ള ക്യാംപില്‍ 350 പേരാണുള്ളത്. 

അതേസമയം ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്ന വാര്‍ത്തകള്‍ ജില്ലാ കമ്മിഷണര്‍ നിഷേധിച്ചു. സമൂഹത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണമാണ് ഇതെന്ന് കമ്മിഷണര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com