കശ്മീര്‍: കേന്ദ്രത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് സുപ്രിം കോടതി; ഹര്‍ജി രണ്ടാഴ്ചത്തേക്കു മാറ്റി

കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടെന്ന് സുപ്രിം കോടതി
കശ്മീര്‍: കേന്ദ്രത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് സുപ്രിം കോടതി; ഹര്‍ജി രണ്ടാഴ്ചത്തേക്കു മാറ്റി

ന്യൂഡല്‍ഹി: കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ടെന്ന് സുപ്രിം കോടതി. പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്കു പിന്നാലെ സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി കോടതി രണ്ടാഴ്ചത്തേക്കു മാറ്റി.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനെതിരെ തഹ്‌സീന്‍ പൂനാവാലയാണ് സുപ്രിം കോടതിയെ സമീപിച്ചത്. മേഖലയില്‍ എല്ലാ വാര്‍ത്താ വിനിമയ സംവിധാനങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മേനക ഗുരുസ്വാമി ചൂണ്ടിക്കാട്ടി. സ്‌കൂളുകളും ആശുപത്രികളും പൊലീസ് സ്റ്റേഷനുകളുമെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതാണെന്ന് ഗുരുസ്വാമി പറഞ്ഞു. 

സാഹചര്യത്തിന്റെ ഗൗരവ സ്വഭാവം കൊണ്ടാവാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. എത്രകാലം കര്‍ഫ്യൂ നീട്ടിക്കൊണ്ടുപോവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിനോട് കോടതി ആരാഞ്ഞു.

സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് ഏറ്റവും കുറച്ചുകൊണ്ടുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് എജി പറഞ്ഞു. സുരക്ഷാ നടപടികളുടെ ഭാഗമായി ഒരു ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടില്ല. 2016ല്‍ കശ്മീരില്‍ സാധാരണ നില വീണ്ടെടുക്കാന്‍ മൂന്നു മാസമെടുത്തെന്നും 47 ജീവനകള്‍ അന്നു നഷ്ടമായെന്നും എജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com