പരാതി വേണ്ട, അപേക്ഷയുമായി എത്തണം; പ്രളയ ബാധിതരെ ശകാരിച്ച് ബിജെപി അധ്യക്ഷൻ

പരാതി പറയരുതെന്നും എന്തെങ്കിലും വേണമെങ്കിൽ അപേക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് മന്ത്രി ദുരിതമനുഭവിക്കുന്ന നാട്ടുകാരെ ഉപദേശിക്കുന്നത്
പരാതി വേണ്ട, അപേക്ഷയുമായി എത്തണം; പ്രളയ ബാധിതരെ ശകാരിച്ച് ബിജെപി അധ്യക്ഷൻ

മുംബൈ: പ്രളയ ദുരിതത്തെപ്പറ്റി സങ്കടം പറഞ്ഞ നാട്ടുകാരെ മഹാരാഷ്ട്ര ബിജെപി അധ്യക്ഷനും സംസ്ഥാന മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ ശകാരിക്കുന്ന വീഡിയോ പുറത്ത്. പരാതി പറയരുതെന്നും എന്തെങ്കിലും വേണമെങ്കിൽ അപേക്ഷിക്കുകയാണ് വേണ്ടതെന്നുമാണ് മന്ത്രി ദുരിതമനുഭവിക്കുന്ന നാട്ടുകാരെ ഉപദേശിക്കുന്നത്. 

കോലാപ്പുരിന്റെയും പൂനെയുടേയും ചുമതലയുള്ള മന്ത്രി ഞായറാഴ്ച കോലാപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോഴാണ് നാട്ടുകാർ പരാതി പറഞ്ഞത്. സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ​ഗതാ​ഗത സൗകര്യങ്ങൾ ശരിയായാൽ ദുരിതാശ്വാസ സാമ​ഗ്രികളെല്ലാം എത്തുമെന്നും ആദ്യം ശാന്ത സ്വരത്തിൽ പറഞ്ഞ മന്ത്രിക്ക് നാട്ടുകാർ പിന്നെയും പരാതി പറഞ്ഞപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. 

''നിങ്ങൾക്ക് സഹായമെത്തിക്കാൻ ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുകയാണ് അധിക‌ൃതർ. എന്നിട്ടും നിങ്ങൾ അവർക്കെതിരെ പരാതി പറയുകയാണോ? ക്ഷമ കാണിക്കണം. എന്തെങ്കിലും വേണമെങ്കിൽ അതിന് അപേക്ഷിക്കണം. പരാതിപ്പെടുകയല്ല വേണ്ടത്''- മന്ത്രി പറഞ്ഞു. പിന്നെയും ശബ്ദമുയർത്തിയ നാട്ടുകാരെ 'വായടയ്ക്ക്' എന്നു പറഞ്ഞ് മന്ത്രി ശാസിക്കുന്നതും വീഡിയോയിലുണ്ട്. 

പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ജലനിരപ്പ് താഴാൻ തുടങ്ങിയിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ബിജെപി സർക്കാർ വിവാദങ്ങളിൽപ്പെട്ട് ഉഴലുകയാണ്. പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച മന്ത്രി ​ഗരീഷ് മഹാജൻ അവിടെ ചിരിച്ചു കൊണ്ടു നിൽക്കുന്ന സെൽഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളിലിട്ടതായിരുന്നു തുടക്കം. 

ദുരിതാശ്വാസത്തിന് നൽകിയ അരിയുടേയും ​ഗോതമ്പിന്റേയും കവറുകളിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റേയും ബിജെപി എംഎൽഎയുടേയും ചിത്രം പതിച്ചതും വിവാദമായി. ബിജെപി സർക്കാർ പ്രകൃതി ക്ഷോഭത്തെ പോലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോ​ഗിക്കുകയാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com